കാസര്‍കോട്: ആതിരയെയും കുഞ്ഞിനെയും തനിച്ചാക്കി നിധിന്‍ ചന്ദ്രന്‍ യാത്രയായ വാര്‍ത്തകള്‍ വായിക്കുമ്പോഴും അധികമാരും ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. നിധിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നത്. ഹൃദയാഘാതമായിരുന്നു കാരണം. നിധിന് 28 വയസ് മാത്രമായിരുന്നു പ്രായം. നിധിന്റെ മൃതദേഹം നാട്ടിലെത്തിച്ച വിമാനത്തില്‍ ജീവനറ്റ മറ്റൊരു ശരീരവുമുണ്ടായിരുന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പള്ളയില്‍ വീട്ടില്‍ ഷാജന്റെ മൃതദേഹമായിരുന്നു അത്. ഷാജന് പ്രായം 38ഉം. ഷാജന്റെ മരണ കാരണവും ഹൃദയാഘാതം തന്നെയായിരുന്നു. സാമൂഹ്യ-കാരുണ്യ രംഗങ്ങളില്‍ തിളങ്ങി നിന്ന ഒരു ചെറുപ്പക്കാരനായിരുന്നു ഷാജനും.
ഈ മാസം 4 ന് ഉച്ചക്കാണ് ഹൃദയസ്തംഭനെ തുടര്‍ന്ന് ഷാജന്‍ മരിക്കുന്നത്. ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ അസ്വസ്ഥത തോന്നിയ ഷാജന്‍ കൂട്ടുകാരനോട് ആസ്പത്രിയില്‍ പോകണമെന്ന് പറഞ്ഞു. ആസ്പത്രിയില്‍ എത്തി ഡോക്ടറോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം വന്ന് മരിച്ചു വീണത്. പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഈ ചെറുപ്പക്കാരന്‍ അന്ന് മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്ന ആഗ്രഹത്തോടെയാണ് കഴിഞ്ഞ ജനുവരിയില്‍ സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയത്.
നാട്ടിലാണെങ്കിലും ഗള്‍ഫിലാണെങ്കിലും നിരന്തരം കേള്‍ക്കുന്ന മരണ വാര്‍ത്തകളില്‍ ഏറെയും ഹൃദയാഘാതമാണ് കാരണമായി പറയുന്നത്. മരിക്കുന്നതിലേറെയുമാവട്ടെ 20നും 50നും ഇടയില്‍ പ്രായമുള്ളവരും. ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിക്കുന്ന മലയാളികളില്‍ ഏറെ പേരുടെയും പ്രായം 30 നും 40നും ഇടയിലാണ്.
കോവിഡിനെ നാം ഭയക്കുന്നു. എന്നാല്‍ ഹൃദ്രോഗത്തെ ഗൗരവമായി അധികമാരും കാണുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,000ത്തില്‍ പരമാണ്. എന്നാല്‍ ഹൃദ്രോഗം ബാധിച്ച് ഓരോ വര്‍ഷവും ഇന്ത്യയില്‍ മരിക്കുന്നത് 30 ലക്ഷം പേരും. കോവിഡ് മരണത്തിന്റെ എത്രയോ പതിന്മടങ്ങ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൃദ്രോഗം മൂലം മരിച്ചവരുടെ കണക്ക് ഏറി വരികയാണ്. മാനസിക സമ്മര്‍ദ്ദമാണ് ഇതിനൊരു പ്രധാന കാരണം. ഗള്‍ഫില്‍ ജോലി തേടിയെത്തുന്നവര്‍ മനസുവെച്ചാല്‍ ഒഴിവാക്കാന്‍ കഴിയുമെങ്കിലും അനാവശ്യമായി സ്വയം മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് വഴുതി വീഴുന്നു. വീട്ടുകാരുമായി അകന്ന് നില്‍ക്കുന്നതിന്റെ വിഷമവും വീട്ടിലെ പ്രശ്‌നങ്ങളും ജോലി സംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ സ്‌ട്രെസ്സിന് കാരണമാവുന്നു. ജോലി സ്ഥലത്തേക്ക് നിത്യവും എത്താനുള്ള സമയവും യാത്രയുമൊക്കെ ഈ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ജോലിയില്‍ തൃപ്തി ഇല്ലായ്മയും ആഗ്രഹിച്ച ജോലി ലഭിക്കാത്തതിന്റെ വിഷമവുമൊക്കെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായി തീരുന്നു. ഭക്ഷണ ശീലത്തിലെ മാറ്റവും ജീവിത ശൈലിയും ഉറക്കക്കുറവുമൊക്കെ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാവുന്നു. ഇങ്ങനെ പല കാരണങ്ങള്‍ക്കൊണ്ടും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്നവരെ ഹൃദ്രോഗം പെട്ടെന്ന് കീഴ്‌പ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലാണ് ഹൃദ്രോഗ വിദഗ്ധര്‍ നടത്തുന്നത്.