ബാലദേശം മുതലാണ് ഉത്തരദേശവുമായി അടുക്കുന്നത്. അന്ന് മുതല്‍ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. വാര്‍ത്തകള്‍ വിശ്വാസം വരണമെങ്കില്‍ ഉത്തരദേശത്തിലൂടെ കാണണം എന്നത് എനിക്ക് മാത്രമല്ല കാസര്‍കോട് ജില്ലയിലെ ബഹഭൂരിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്.
തൊട്ടടുത്ത് നടക്കുന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പോലും ഉത്തരദേശത്തിലൂടെ അറിഞ്ഞാല്‍ മാത്രമേ ഇവിടത്തുകാര്‍ക്ക് ആശ്വാസമാവുകയുള്ളൂ. മിക്ക ആളുകളും പറയുന്ന വാക്കാണ് ‘നോക്കട്ടെ, ഉത്തരദേശത്തിലുണ്ടോ’ എന്ന്. പത്രത്തിന്റെ കോപ്പി കൂട്ടാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിച്ച ചരിത്രം ഉത്തരദേശത്തിനില്ല എന്നതാണ് മറ്റു പത്രങ്ങളില്‍ നിന്നുമുള്ള വ്യത്യാസം. വാര്‍ത്തകള്‍ കെട്ടിച്ചമച്ച് വ്യൂവേര്‍സിനെ വര്‍ധിപ്പിക്കാന്‍ കൂണ് പോലെ മുളച്ച് പൊന്തുന്ന ഓണ്‍ലൈന്‍ ന്യൂസുകള്‍ മത്സരിക്കുമ്പോള്‍ ഇന്ന് ഉത്തരദേശം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് മനസ്സ് വേദനിക്കുന്ന ഒരുപാട് ആളുകള്‍ ഇന്നും കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്.
ഉത്തരദേശം കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് മുന്നില്‍ നില്‍ക്കുകയും പല മേഖലകളിലെ, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയവയുടെ ദയനീയ അവസ്ഥ അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്. കോവിഡ് എന്ന മഹാമാരി പിടിപെട്ട് ജനങ്ങള്‍ ഭയപ്പെട്ട് കഴിഞ്ഞപ്പോള്‍ ഭീതി അകറ്റി ആശ്വാസത്തിന്റെ വെളിച്ചം പകരാനും ധൈര്യം നല്‍കാനും ഉത്തരദേശത്തിന് കഴിഞ്ഞു. കോവിഡ് വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തോടെ നല്‍കാന്‍ കഴിഞ്ഞത് ഉത്തരദേശത്തിന് മാത്രമാണ് എന്നാണ് ഞാനടക്കമുള്ളവരുടെ അഭിപ്രായം. കോവിഡ് കാലത്ത് മാധ്യമ മേഖല പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ഗൂഗിളിന്റെ പിന്തുണ ഉത്തരദേശത്തിന് ലഭിക്കുന്നു എന്നത് ഏറെ സന്തോഷം പകരുന്നതാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തരദേശത്തിനാവട്ടെ…