കാഞ്ഞങ്ങാട്: ആവുന്ന കാലത്ത് കൈമെയ് മറന്ന് എല്ലാവരെയും സഹായിച്ച തുരുമ്പനെ ഉറ്റവര്‍ ഉള്‍പ്പെടെ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോള്‍ നന്മവറ്റാത്ത മനസ്സുള്ള ഒരുകൂട്ടം ആളുകള്‍ ചേര്‍ത്തുപിടിക്കാനെത്തി. എണ്ണപ്പാറ കുറ്റിയടുക്കത്തെ എം.എല്‍.എ. തുരുമ്പന്‍ എന്നറിയപ്പെടുന്ന 90 കഴിഞ്ഞ രാഘവനാണ് പ്രായാധിക്യത്താല്‍ ദുരിതമനുഭവിക്കുന്നത്. രാഘവനെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഊരുനിവാസികള്‍ ഇനി സംരക്ഷിക്കും. ഇടയ്ക്കിടെ പുറത്തിറങ്ങി മറ്റു വീടുകളില്‍ പോകാറുള്ള തുരുമ്പന്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ചുറ്റും കാടുമൂടിക്കിടക്കുന്ന വീട്ടില്‍ മഴവെള്ളം കയറി നനഞ്ഞ തറയില്‍ ഒരു കീറപ്പായയിലായിരുന്നു കിടത്തം. വീട്ടിനകത്ത് ഇഴജന്തുക്കള്‍ക്ക് കയറാന്‍ കഴിയുന്ന തരത്തിലുള്ള മാളങ്ങളുമുണ്ട്. വാതിലോ, ജനാലകളോ, വൈദ്യുതിയോ ഇല്ലാത്ത വീട്ടില്‍ തനിച്ചു കഴിഞ്ഞിരുന്ന തുരുമ്പന് അയല്‍വാസി ശ്യാമളയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ഇരുപത് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്ന തുരുമ്പന് ഇവിടെ ബന്ധുക്കളാരുമില്ല. മക്കള്‍ മടിക്കൈ, എളേരി എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
പ്രായാധിക്യം മൂലം കഷ്ടപ്പെടുന്ന അച്ഛനെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഊരുകാര്‍ അഗതിമന്ദിരത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശ്രമം വിഫലമായി. ഇതോടെയാണ് ഇതേവീട്ടില്‍ തന്നെ സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്.
കെ. രതീഷ്, അജേഷ്, അമ്പു, വിജയ്, കല്ലളന്‍, രാജേഷ് വേങ്ങച്ചേരി, ശശി, ബേബി, വിഷ്ണു, ബിയാളന്‍, രാജു, ശരത് എന്നീ യുവാക്കള്‍ വീടും പരിസരവും വൃത്തിയാക്കി. കാസര്‍കോട് ടി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് കട്ടില്‍, കിടക്ക, എമര്‍ജന്‍സി ലൈറ്റ് എന്നിവ എത്തിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍, മെമ്പര്‍ സജിതാ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍, അസി. സെക്രട്ടറി യതീന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്. തുരുമ്പന്‍ മൂപ്പന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നല്‍കാന്‍ തയ്യാറായി തായന്നൂരിലെ ഡ്രീം ഇന്റീരിയര്‍ ഉടമ നൗഷാദും മുന്നോട്ടുവന്ന് കൂട്ടായ്മയ്ക്ക് കരുത്ത് പകര്‍ന്നു.