ടൂറിന്‍: സിരി എയില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിന് നാടകീയ ക്ലൈമാക്‌സ്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസും പതിനേഴാം സ്ഥാനത്തുള്ള ഉഡിനെസും തമ്മിലായിരുന്നു മത്സരം. യുവന്റസിന്റെ സുനിശ്ചിത വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല ആരും. എന്നാല്‍ ഇഞ്ചുറി ടൈം അവസാനിക്കുമ്പോഴേക്കും റൊണാള്‍ഡോയും ഡിബാലയും ഡഗ്ലസ് കോസ്റ്റയും ബെര്‍ണാര്‍ഡെസ്‌കിയും അടങ്ങിയ കൊമ്പന്മാരുടെ ടീമിന് തലകുനിച്ച് മടങ്ങേണ്ടിവന്നു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഉഡിനെസിനോട് യുവന്റസ് തോറ്റത്. 42ാം മിനുട്ടില്‍ മാത്തിയസ് ഡി ലിറ്റിന്റെ ഗോളില്‍ ലീഡ് നേടി ആദ്യ പകുതി അവസാനിപ്പിച്ച യുവന്റസിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 52ാം മിനുട്ടില്‍ ലിജ നെസ്‌റ്റോറോവ്‌സ്‌കിയിലൂടെയായിരുന്നു ഉഡിനെസ് സമനില നേടിയത്. നിശ്ചിത സമയം സമനിലയില്‍ തുടര്‍ന്ന മത്സരം അധികസമയത്തേക്ക് നീങ്ങിയതോടെ ഉഡിനെസ് വീണ്ടും യുവന്റസ് വല കുലുക്കി. സീകോ ഫൊഫാന(92) യായിരുന്നു യുവന്റസിനെ ഞെട്ടിച്ച് വിജയഗോള്‍ നേടിയത്.
അപ്രതീക്ഷിത ജയത്തോടെ 17ാം സ്ഥാനത്തുണ്ടായിരുന്ന ഉഡിനസ് 15ാം സ്ഥാനത്തേക്ക് കയറി. 35 കളികളില്‍ നിന്ന് 10 ജയം, 16 തോല്‍വിയടക്കം 39 പോയിന്റാണ് ഉഡിനെസിനുള്ളത്. യുവന്റസിന് അത്രയും തന്നെ കളികളില്‍ നിന്ന് 25 ജയം, 5 തോല്‍വി, 5 സമനില അടക്കം 80 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയ്ക്ക് 74ഉം തൊട്ടുപിന്നില്‍ 73 പോയിന്റുമായി ഇന്റര്‍ മിലാനുമുണ്ട്. 2010-11 സീസണിലാണ് അവസാനമായി യുവന്റസ് അല്ലാത്ത ഒരു ടീം സിരി എ കിരീടം ചൂടിയത്.
Udinese 2 Juventus 1: Ronaldo and Co miss out on securing ninth consecutive Serie A title after throwing away lead