കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട പലര്‍ക്കും എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താനാവാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 106 പേരില്‍ 21 പേരുടെയും ഉറവിടം ലഭ്യമല്ലാത്തത് ആരോഗ്യ വകുപ്പ് അധികൃതരെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.
സമ്പര്‍ക്കം വഴിയുള്ള രോഗബാധ ഏറുമ്പോഴും പലരുടെയും രോഗഉറവിടം കണ്ടെത്താന്‍ കഴിയാത്തത് സമൂഹ വ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പലരിലും പരിശോധനാ ഫലം പോസിറ്റീവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 76, 67 വയസുള്ള രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേപോലെ മധൂര്‍ പഞ്ചായത്ത് സ്വദേശിയായ 23കാരന്‍, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ 44കാരന്‍, 24കാരി, വോര്‍ക്കാടി പഞ്ചായത്തിലെ 29 കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 38 കാരന്‍, 33കാരന്‍, 47കാരി, 21 കാരന്‍, 32കാരി, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 25കാരന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 26കാരന്‍, അജാനൂര്‍ പഞ്ചായത്തിലെ 28 കാരന്‍ വലിയപറമ്പ പഞ്ചായത്തിലെ 73കാരി, കുമ്പള പഞ്ചായത്തിലെ 39കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരന്‍, ചെങ്കള പഞ്ചായത്തിലെ 33കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 50 കാരി, പിലിക്കോട് പഞ്ചായത്തിലെ 48കാരന്‍, കുമ്പള പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശിയായ 46കാരന്‍ എന്നിവരുടെ രോഗ ഉറവിടവും വ്യക്തമല്ല.