റിയാദ്: ഇത്തവണത്തെ വിശുദ്ധ ഹജ്ജിന് ഹാജിമാര്‍ ബുധനാഴ്ച മിനായില്‍ ഒത്തുചേരുന്നതോടെ തുടക്കമാകും. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്നത്. ബുധനാഴ്ച പ്രത്യേക ചടങ്ങുകളില്ലെങ്കിലും അറഫ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് ഹാജിമാര്‍. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തല്‍ബിയത് മന്ത്രവുമായി വിശ്വാസികളുടെ മിനായിലേക്കുള്ള പ്രയാണം ബുധനാഴ്ച വൈകുന്നേരം വരെ തുടരും.
മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിക്കു സമീപത്തുള്ള പ്രത്യേക താമസ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ തയ്യാറാക്കിയ പ്രത്യേക വാഹനത്തിലാണ് ഹാജിമാര്‍ മിനയിലേക്ക് യാത്ര തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ബസുകളുടെ ആകെ സിറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഓരോ ബസുകളിലും കയറ്റുകയുള്ളൂ. മിനായില്‍ അഞ്ചു നേരത്തെ നിസ്‌കാരം പൂര്‍ത്തിയാക്കി അര്‍ദ്ധ രാത്രിക്കു ശേഷം ഹാജിമാര്‍ അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങും. വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ മുഴുവന്‍ ഹാജിമാരും അറഫയില്‍ എത്തിച്ചേരും. പാപങ്ങളും സങ്കടങ്ങളും പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങള്‍ക്ക് മിനാ താഴ്‌വാരം ബുധനാഴ്ച രാത്രി സാക്ഷ്യം വഹിക്കും.
സാധാരണ മിനായില്‍ ടെന്റ് കെട്ടിയായിരുന്ന ഹാജിമാര്‍ താമസിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ ആളുകളായതിനാല്‍ കെട്ടിടത്തില്‍ തന്നെയാണ് ഇത്തവണ ഹാജിമാര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്.
അറഫ സംഗമത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് ളുഹര്‍ നമസ്‌കാരത്തിന് ശേഷം അറഫാ മൈതാനിയിലെ മസ്ജിദുന്നമിറയില്‍ അറഫ ഖുത്വുബ ഉണ്ടാകും. സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅയാണ് അറഫ പ്രഭാഷണം നിര്‍വ്വഹിക്കുക. അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങും. ചൂട് കാലാവസ്ഥ ആയതിനാല്‍ കനത്ത ചൂട് ഹാജിമാര്‍ക്ക് പ്രയാസമുണ്ടാക്കിയേക്കും. എന്നാല്‍ അതിന് വേണ്ട സജ്ജീകരണങ്ങളും അധികൃതര്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
കടുത്ത കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇപ്രാവശ്യം ഹജ്ജിന് അനുമതി നല്‍കിയിട്ടുള്ളത്. സൗദിയിലുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജിന് അനുമതി നല്‍കിയിട്ടുള്ളത്. 10,000 പേര്‍ക്ക് അനുമതി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും 1000 പേര്‍ക്ക് മാത്രമാണ് അന്തിമ അനുമതി ലഭിച്ചതെന്നാണ് വിവരം. ഇതില്‍ 700 ഓളം പേര്‍ സൗദിയിലുള്ള വിദേശികളാണെന്നും വിവരമുണ്ട്. സൗദി അധികൃതര്‍ക്ക് ഇത്തവണ ഹജ്ജിന് അനുമതിയില്ല.
Saudi Arabia: Pilgrims Arrive In Mina For Hajj