ന്യൂദല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് അരക്കൊല്ലം തികഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് തൃശൂരില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് കേരളമടക്കം രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും പടരുകയാണ്. എന്നാല്‍ കോവിഡിനെ അതിജീവിച്ച് രാജ്യത്തിനാകെ മാതൃകയായത് ഒരു പ്രദേശം മാത്രമാണ്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്. രാജ്യത്തെ ഏക ഗ്രീന്‍ സോണാണ് ഈ പ്രദേശം. ലക്ഷദ്വീപിന്റെ മൂന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കൊച്ചിയിലുണ്ട്. 14 ദിവസം കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ ദ്വീപിലേക്ക് യാത്രാനുമതി ലഭിക്കുകയുള്ളൂ. ദ്വീപിലെത്തിയാല്‍ വീണ്ടും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിയണം. കവറത്തി, അഗത്തി ദ്വീപുകളില്‍ സ്രവപരിശോധനക്ക് പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ദ്വീപുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിള്‍ ശേഖരിച്ച് ഈ ദ്വീപിലെ ലാബുകളില്‍ എത്തിച്ച് പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് അധികൃതര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ദ്വീപ് നിവാസികള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയില്‍ തന്നെയാണ്.