മുംബൈ: ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നായകമികവിനെ പ്രശംസിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. നായകമികവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത എംഎസ് ധോണിയാണ് രോഹിത് ശര്‍മയെന്ന് അദ്ദേഹം പറഞ്ഞു. സൗത്താഫ്രിക്കന്‍ താരം ജീന്‍ പോള്‍ ഡുമിനിയുമായുള്ള പോഡ്കാസ്റ്റിലാണ് റെയ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.
രോഹിതിന്റെ നായകമികവും സഹതാരങ്ങളോടുള്ള പെരുമാറ്റവും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടേതിന് സമാനമാണ്. അവനെപ്പോഴും ശാന്തനാണ്. ഒപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും അവന്‍ താല്‍പര്യപ്പെടുന്നു. അതിലുപരി ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും, ഒരു ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുകയും അതിനൊപ്പം മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാമല്ലോ, അതില്‍ കൂടുതല്‍ പിന്നെന്താണ് നമുക്ക് വേണ്ടത്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത എം എസ് ധോണി രോഹിത് ശര്‍മ്മയാണ്. റെയ്‌ന കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ക്യാപ്റ്റന്മാരായാണ് അവന്‍ കാണുന്നത്. ബംഗ്ലാദേശില്‍ നടന്ന ഏഷ്യ കപ്പില്‍ അവന്റെ കീഴില്‍ ഞാന്‍ കളിച്ചിരുന്നു. യുവതാരങ്ങളായ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് അവന്‍ ആത്മവിശ്വാസം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എം എസ് ധോണിക്ക് ശേഷം ഏറ്റവും ബുദ്ധിമാനായ ക്യാപ്റ്റനാണവന്‍; സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ കിരീടനേട്ടത്തിലെത്തിച്ച് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിട്ടുള്ള രോഹിത് ഇന്ത്യയ്ക്ക് 2018 ല്‍ ഏഷ്യ കപ്പും നിദാസ് ട്രോഫിയും നേടികൊടുത്തിട്ടുണ്ട്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ള രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണുള്ളത്.
രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്നും അതാണ് മികച്ച തീരുമാനമെന്നും നേരത്തെ തന്നെ നിരവധി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ട് ഒരുമാസം മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. രോഹിതിന് ക്യാപ്റ്റന്‍സി കൈമാറാനുള്ള മികച്ച സമയമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘He thinks everyone is a captain’: Suresh Raina names ‘next MS Dhoni of Team India’