മംഗളൂരു: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കി ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാഭരണകൂടം. ബന്ധുക്കള്‍ക്ക് സ്വയം മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.
ആചാരപ്രകാരം അന്തിമ ചടങ്ങുകള്‍ നടത്താമെങ്കിലും മൃതദേഹം തൊടാന്‍ പാടില്ല. സ്വന്തം ഭൂമിയില്‍ മൃതദേഹം സംസ്‌കരിക്കാവുന്നതാണ്. ഇത്തരം ഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ സ്വയം ആംബുലന്‍സ് സൗകര്യം ഒരുക്കണം.
‘ചിലയാളുകള്‍ക്ക് സ്വന്തക്കാരുടെ അന്തിമ ചടങ്ങുകള്‍ മതാചാരപ്രകാരം സ്വയം നടത്തണമെന്ന വികാരമുണ്ട്. അത്തരക്കാരെ അന്തിമ ചടങ്ങുകള്‍ നടത്താന്‍ ഞങ്ങള്‍ അനുവദിക്കും, പക്ഷേ മൃതദേഹം തൊടാനോ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ല. മംഗളൂരു അസിസ്റ്റന്റ് കമ്മീഷണര്‍ മദന്‍ മോഹന്‍ പറഞ്ഞു.
‘ഉഡുപ്പി ജില്ലയിലും മരണമടഞ്ഞ വ്യക്തിയുടെ അന്തിമ ചടങ്ങുകള്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബത്തിന്റെ സ്വന്തം ഭൂമിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്താമെന്നും പക്ഷേ, നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ പിന്മാറണമെന്നും ഉഡുപ്പി ജില്ലാ ആരോഗ്യ ഓഫീസര്‍ സുധീര്‍ചന്ദ്ര സൂദ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ കര്‍ണാടക ഹൈക്കോടതിയും അഭിനന്ദിച്ചു. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ തന്നെ മൃതദേഹം സംസ്‌കരിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകരമാകും.
Coronavirus death – Family members permitted to conduct funeral in Mangaluru, Udupi