കൊച്ചി: കഴിഞ്ഞ കുറച്ച് സീസണുകളായി പ്രതീക്ഷക്കൊത്തുയരാത്ത കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇത്തവണ വമ്പന്‍ അഴിച്ചുപണികളാണ് മാനേജ്‌മെന്റ് നടത്തുന്നത്. നിരവധ താരങ്ങളെ ഇതിനകം കേരളത്തിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ഒരു യുവതാരത്തെ കൂടി കൂടാരത്തിലെത്തിച്ചു. ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന പതിനെട്ടുകാരനായ ഗിവ്‌സണ്‍ സിംഗ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു.
മധ്യനിരയ്ക്ക് കരുത്തുപകരാനാണ് ഗിവസണ്‍ സിംഗിന്റെ വരവ്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി പ്രൊഫെഷണല്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
മണിപ്പൂര്‍ സ്വദേശിയാണ് ഗിവ്‌സണ്‍ സിംഗ്. പഞ്ചാബ് എഫ് സി ക്ക് വേണ്ടിയാണ് ആദ്യം ബൂട്ടണിഞ്ഞത്. 2016ഇല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്‌സണ്‍ ഇന്ത്യന്‍ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. അണ്ടര്‍ 16 ഇന്ത്യന്‍ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സണ്‍ അംഗമായിരുന്ന ടീം 2018 ഇല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടര്‍ 17 ടീമിലും ഗിവ്‌സണ്‍ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂണ്‍ നാലിന് റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍19 ചാംപ്യന്‍ഷിപ്പിലും കളിച്ചു.
സ്‌പോര്‍ട്‌സിനോട് വളരെയധികം ആഭിമുഖ്യം പുലര്‍ത്തുന്ന എന്റെ സംസ്ഥാനത്തെ പോലെ തന്നെയുള്ള ഒരു നാട്ടില്‍ ഉള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ ഈ മഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഈ ക്ലബ്ബിലെ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഗിവ്‌സണ്‍ സിംഗ് പറഞ്ഞു.
ISL: Kerala Blasters signed Manipuru player Givson Sing from Indian Arrows