മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ നിര്‍ണായക ട്വിസ്റ്റ്. സുശാന്തിന്റെ കുടുംബത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. സുശാന്തിന് വിഷാദരോഗമുള്ളതായി അറിയില്ലെന്നായിരുന്നു കുടുംബം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ രോഗം സംബന്ധിച്ച് സുശാന്തും സഹോദരിയും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് ഇന്ത്യ ടുഡെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ജൂണ്‍ എട്ടിന് സുശാന്തും സഹോദരിയും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണിത്. ഈ സമയത്ത് റിയ ചക്രബര്‍ത്തിയും സുശാന്തിനൊപ്പം മുംബൈയിലെ ഫ് ളാറ്റില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷാദരോഗത്തിനുള്ള ലിബ്രിയം, നെക്‌സിറ്റോ തുടങ്ങിയ മരുന്നുകള്‍ കഴിക്കാന്‍ സുശാന്തിനോട് പ്രിയങ്ക നിര്‍ദേശിക്കുന്നതാണ് ചാറ്റിലുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ കഴിക്കാന്‍ ലോണാസെപ് എന്ന മരുന്നും സൂക്ഷിക്കണമെന്നും സഹോദരി പറയുന്നുണ്ട്.
എന്നാല്‍, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ ലഭിക്കില്ലെന്ന് സുശാന്ത് മറുപടി നല്‍കുകയും തുടര്‍ന്ന് സഹോദരി പ്രിയങ്ക തന്നെ സുശാന്തിന് കുറിപ്പടി അയച്ചു നല്‍കിയതായും ചാറ്റിലുണ്ട്. മുംബൈയില്‍ ഏറ്റവും മികച്ച ഡോക്ടറെ സമീപിക്കാന്‍ തന്റെ സുഹൃത്തായ ഒരു ഡോക്ടര്‍ സഹായിക്കുമെന്നും ഇക്കാര്യം പുറത്തറിയില്ലെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നു.
നേരത്തേ, റിയ ചക്രബര്‍ത്തിയാണ് സുശാന്തിന് മരുന്നുകള്‍ നല്‍കിയിരുന്നതെന്നും സുശാന്തിന്റെ രോഗത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു കുടുംബം പ്രതികരിച്ചിരുന്നത്. എന്നാല്‍ സഹോദരിയുമായുള്ള സുശാന്തിന്റെ ചാറ്റ് പുറത്തു വന്നതോടെ കേസ് അന്വേഷണം ആ വഴിക്കും നീങ്ങും.
ഈ ചാറ്റ് നടത്തിയ അതേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് റിയ ചക്രബര്‍ത്തി സുശാന്തിന്റെ ഫ്‌ളാറ്റില്‍ നിന്നും പോയത്.
Sushant Singh Rajput’s WhatsApp Chat With Sister Priyanka Indicates Family Knew Of His Mental Health, Say Reports