കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ പ്രധാനപ്പെട്ടതാണ് ടൂറിസം മേഖല. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലയാണ് ടൂറിസം. വിദേശത്തു നിന്നും സ്വദേശത്തു നിന്നും എത്തുന്ന ടൂറിസ്റ്റുകളെ ആശ്രയിച്ച് പല തലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നത്. വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ്വ് നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പാക്കേജുകളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു. കാസര്‍കോട് ജില്ലയിലും ടൂറിസം വികസനത്തിനുള്ള ബൃഹദ്പദ്ധതിയാണ് ആലോചിച്ചുവരുന്നത്. കാസര്‍കോടിന്റെ ടൂറിസം മേഖലയില്‍ വലിയ കുതിച്ചു ചാട്ടം നടത്താനുതകുന്ന പദ്ധതിയാണ് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങള്‍ക്കും സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. കാസര്‍കോടിനെ വിനോദ സഞ്ചാര ഭൂപടത്തില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നത് ബേക്കല്‍ കോട്ട തന്നെയാണ്. ബേക്കല്‍ കോട്ടയില്‍ മികച്ച നിലവാരത്തിലുള്ള ‘കഫേ ഡേ ബേക്കല്‍’ അണങ്കൂരില്‍ നൈറ്റ് സ്ട്രീറ്റ് ഫുഡ് പ്രൊജക്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കുടുംബങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വൈവിധ്യമായ ഭക്ഷണം ഒരുക്കുകയും നഗരത്തെ സജീവമാക്കുകയും ചെയ്താല്‍ ആളുകള്‍ എത്തിച്ചേരുമെന്നതില്‍ സംശയമില്ല. കാസര്‍കോടിനെ ഉണര്‍ത്തുന്നതിനും രാത്രികാലങ്ങളെ സജീവമാക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ‘നൈറ്റ് ലൈഫ്’ പദ്ധതിയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഫൈ ഓവറിന് കീഴിലാണ് ‘നൈറ്റ് ലൈഫ്’ പ്രോജക്ട്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, മൊബൈല്‍ ഫുഡ് ഹബ്ബ്, സ്ട്രീറ്റ് മാര്‍ക്കറ്റ്, ഗെയിംസോണ്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പാര്‍ക്കിംഗ് ഹബ്ബ് തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് നൈറ്റ് ലൈഫ് പദ്ധതി. കോട്ടപ്പുറം-വലിയ പറമ്പ കേന്ദ്രീകരിച്ച് ബോട്ട് സര്‍വ്വീസ് ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇത് കുറച്ചുകൂടി കാര്യക്ഷമമാക്കണം. നിര്‍മ്മാണം പുരോഗമിക്കുന്ന നീലേശ്വരം-പള്ളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജിന് കീഴിലായി മാനവീയം മോഡല്‍ വിംങ്ങ് റോഡ് സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാണാര്‍ക്കുളം കാസര്‍കോട് കഫെ പ്രൊജക്ട് ഇതിനകം പൂര്‍ത്താക്കി നാടിന് സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതുപോലെ റാണിപുരം, പള്ളിക്കര ബീച്ച് തുടങ്ങിയവിടങ്ങളൊക്കെ ഒരു പാട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. ഇവിടെയൊക്കെ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവണം. പെരിയയില്‍ എയര്‍സ്ട്രിപ്പിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇതു കൂടി എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമായാല്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പം എത്താനാവും. മംഗളൂരുവില്‍ നിന്നും തിരുവനന്തരപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വിമാനത്താവളങ്ങളില്‍ നിന്നും ചെറുവിമാനങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് പെരിയയില്‍ ഇറങ്ങാനാവും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഹോം സ്റ്റേകള്‍ കൂടുതലായി ഉണ്ടാവണം. ആള്‍ക്കൂട്ടത്തില്‍ ഇട കലരേണ്ട അവസ്ഥ ഒഴിവാക്കുന്നുവെന്നതാണ് ഹോം സ്റ്റേകളില്‍ സഞ്ചാരികള്‍ ആകര്‍ഷകമായി കാണുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പും ടൂറിസം വകുപ്പും ഇതിന് പ്രോത്സാഹനം നല്‍കണം. കേരളത്തിന്റെ കൃത്രിമ മനോഹാരിത മാത്രമല്ല ആളുകളുടെ പെരുമാറ്റവും ഉപചാര രീതികളും വൈവിധ്യമാര്‍ന്ന ഭക്ഷണ രീതികളുമൊക്കെ സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ ഉതകണം. ടൂറിസ്റ്റുകള്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ വീണ്ടും വരാന്‍ തോന്നിക്കത്തക്ക വിധത്തിലായിരിക്കണം നമ്മുടെ ആതിഥ്യമര്യാദ. എന്തായാലും ടൂറിസം വികസനത്തില്‍ ജില്ല ഒരു കുതിച്ചുചാട്ടം നടത്തുന്ന രീതിയിലായിരിക്കണം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.