കാസര്‍കോട്: മാലിന്യ സംസ്‌കരണത്തിന് വിപുലമായ പദ്ധതിയുമായി കാസര്‍കോട് നഗരസഭ.
തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി വീടുകളിലും പൊതു ഇടങ്ങളിലും സ്ഥാപിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് സോഷ്യോ ഇക്‌ണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്ന ശുചിത്വ മിഷന്‍ അംഗീകാരമുള്ള കമ്പനിയുമായി നഗരസഭ കരാര്‍ ഒപ്പിട്ടു. പദ്ധതിയുടെ ഭാഗമായി നഗരപ്രദേശത്തെ 11 ഇടങ്ങളില്‍ തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റിംഗ് സ്ഥാപിക്കും.
കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ട്, തളങ്കര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിസരം, നെല്ലിക്കുന്ന് പി.എച്ച്.സി. പരിസരം, ഗവ. കോളേജ് കോമ്പൗണ്ട്, തളങ്കര കുന്നില്‍ നുസ്രത്ത് റോഡ് പരിസരം, അണങ്കൂര്‍ പഴയ ദേശീയ പാതക്ക് സമീപം, ചാലക്കുന്ന്, നെല്ലിക്കുന്ന്, അടുക്കത്ത്ബയല്‍ സ്‌കൂള്‍ പരിസരം, കടപ്പുറം ഫിഷറീസ് സ്‌കൂള്‍ പരിസരം, ലൈറ്റ് ഹൗസിന് സമീപം എന്നിങ്ങനെ 11 കേന്ദ്രങ്ങളിലാണ് തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റിംഗ് സ്ഥാപിക്കുക. ഇതിന് രണ്ട് അറകളുണ്ടാകും. ഒന്നില്‍ ഒന്നര ടണ്‍ ജൈവമാലിന്യം ശേഖരിക്കാനാവും. ഇത് 45 ദിവസം കൊണ്ട് വളമായി മാറും.
ദുര്‍ഗന്ധമില്ലാതെ വളമാക്കി എടുക്കാന്‍ സാധിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. പ്രദേശവാസികള്‍ക്ക് വീടുകളിലെ ജൈവമാലിന്യം ഇവിടെ നിക്ഷേപിക്കാം.
5000 വീടുകളില്‍ ബക്കറ്റ് കമ്പോസ്റ്റിംഗ്, 500 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് എന്നിവ നല്‍കും. നാലിടങ്ങളില്‍ ബയോകമ്പോസ്റ്റ് സ്ഥാപിക്കും. നഗരസഭാ പരിധിയില്‍ 12,000 ത്തോളം വീടുകളുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ 15 ഇടങ്ങളില്‍ സി.സി. ടി.വി. ക്യാമറകളും സ്ഥാപിക്കും.
ഇത് എവിടെയൊക്കെ ആണെന്ന് പരിശോധിച്ചുവരുന്നു. നേരത്തെ പ്രദേശവാസികളുടെ അടക്കം പ്രതിഷേധം കൊണ്ടും സ്ഥല പരിമിതി കൊണ്ടും മുടങ്ങിക്കിടന്ന പദ്ധതിക്കാണ് പുതുജീവന്‍ വെക്കുന്നത്.