1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസ്സിയെ അഞ്ചാം വയസില്‍ പിതാവ് സോക്കറിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് തുടങ്ങി. ഫാക്ടറിയിലെ സാധാരണ തൊഴിലാളിയായ അച്ഛനും റൊസാരിയോ മുന്‍സിപ്പാലിറ്റിയിലെ തൂപ്പുകാരിയായ അമ്മയും ചേര്‍ന്ന് രാപ്പകല്‍ അധ്വാനിച്ചിട്ടും ആറംഗ കുടുംബത്തിന്റെ ജീവിതം വലിയ നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെയായപ്പോള്‍ കാല്‍പ്പന്തുമായി കളത്തിലേക്കിറങ്ങിയതാണവന്‍. പന്തിന്റെ അത്ര പോലുമില്ലാത്ത ആ പയ്യന്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടുന്നത് കണ്ട് അത്ഭുതം കൂറിയവരാണ് വീട്ടുകാരെ അറിയിച്ചത് മകന്‍ ലോകോത്തര കളിക്കാരനാകുമെന്ന്.
എട്ടാം വയസ്സില്‍ അര്‍ജന്റീനയിലെ ഓള്‍ഡ് ബോയിസ് ക്ലബ്ബിലേക്കുള്ള പ്രയാണം മൂന്ന് വര്‍ഷത്തെ കളിയും പരിശീലനവുമൊക്കെയായി ഓള്‍ഡ് ബോയ്‌സില്‍ തന്നെ. 11ാം വയസ്സില്‍ ക്ഷീണവും തളര്‍ച്ചയുമൊക്കെയായി. ആസ്പത്രിയില്‍ പരിശോധനക്കെത്തിയപ്പോള്‍ തിരിച്ചറിഞ്ഞത് ശരീരത്തിന് വളര്‍ച്ചാ ഹോര്‍മോണ്‍ കുറവാണെന്ന്. എല്ലുകളുടെ വളര്‍ച്ച മുരടിക്കുന്നത് ചികിത്സിച്ച് മാറ്റണമെങ്കില്‍ മാസം പ്രതി ആയിരത്തോളം അമേരിക്കന്‍ ഡോളര്‍ വേണ്ടി വരുമെന്ന് കേട്ടപ്പോള്‍ മാതാപിതാക്കള്‍ തീര്‍ത്തും തളര്‍ന്നുപോയി. പയ്യന്റെ പന്തടക്കവും കളി മികവും അറിയുന്നവര്‍ അര്‍ജന്റീനയിലെ ലോകോത്തര ക്ലബ്ബായ റിവര്‍ പ്ലേറ്റിന്റെ ഉടമസ്ഥരോട് സംഗതി അവതരിപ്പിച്ചു. പയ്യന്‍ മെസ്സിയുടെ കളി കണ്ടപ്പോള്‍ അവര്‍ക്ക് കളി മികവ് ഇഷ്ടമായി. പക്ഷേ പയ്യന്റെ വിദേശ ചികിത്സക്കായി പണം നല്‍കാന്‍ ക്ലബ്ബിന് അത്രമാത്രം തനത് ഫണ്ടില്ല.
അങ്ങനെയാണ് മെസ്സിയുടെ സ്‌പെയിനിലുള്ള അകന്ന ബന്ധുക്കള്‍ ബാഴ്‌സലോണയെന്ന ലോകോത്തര ക്ലബ്ബിന്റെ അണിയറക്കാരെ കാണാനെത്തുന്നത്. അതോടെയാണ് ബാഴ്‌സയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കാല്‍ലോസ് റെക്‌സാച്ചു സ്പാനിഷിലേക്ക് മെസ്സിയേയും കുടുംബത്തേയും ക്ഷണിക്കുന്നത്. മെസ്സിയുടെ സെലക്ഷന്‍ ട്രയല്‍സില്‍ തൃപ്തരായ ബാഴ്‌സ ക്ലബ്ബ് അധികൃതര്‍ അവരുടെ ജൂനിയര്‍ ടീമില്‍ ലിയോയെ ചേര്‍ത്തു. ചികിത്സാ ചെലവ് മുഴുവന്‍ ക്ലബ്ബ് വഹിച്ചു. അവിടന്നാണ് ആരംഭം. ഇതോടെ മെസ്സിയുടെ പെറ്റമ്മ അര്‍ജന്റീനയും പോറ്റമ്മ സ്‌പെയിനുമായി. മെസ്സിയും കുടുംബവും അന്ന്മുതല്‍ ഇന്ന് വരെ സ്‌പെയിനില്‍ സ്ഥിര താമസക്കാരാണ്. ഒപ്പം അര്‍ജന്റീനയുടെയും സ്‌പെയിനിന്റെയും ഇരട്ട പൗരത്വവും.
യൂറോപ്പിലെ ഫൈവ് സ്റ്റാര്‍ ആസ്പത്രികളിലെ മികച്ച പരിചരണവും ബാഴ്‌സ ക്ലബ്ബധികൃതരുടെ ആത്മാര്‍ത്ഥതയും രണ്ട് വര്‍ഷത്തിനിടയില്‍ മെസ്സിയെ ആരോഗ്യ ദൃഢഗാത്രനാക്കി. ബാഴ്‌സയില്‍ മെസ്സിയുടെ തുടക്കത്തിലാണ് ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ബാര്‍സലോണയിലെത്തുന്നതും. ഇരുവരും തമ്മിലെ കൂട്ടുകെട്ട് മൈതാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. തന്റെ ഏറ്റവും ശക്തമായ ഇടംകാല്‍ ഡ്രിബിളിങ്ങിന്റെ മനോഹാരിത പ്രകടമാക്കിയതും റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം കളിക്കുമ്പോഴായിരുന്നു. മികച്ച പന്തടക്കവും പാസിംഗും സ്‌കോറിങ് മികവും ലിയോയെ ബാഴ്‌സയുടെ പൊന്നോമനയാക്കി.
2008ല്‍ റോക്ലബ്ബ് വിട്ടതോടെ പത്താം നമ്പര്‍ ജേഴ്‌സി മെസ്സിയുടെ അവകാശമായി. ലോകത്തിലെ മികച്ച കളിക്കാരുടെ ഇഷ്ടനമ്പറായ പത്താം നമ്പറിനോട് നീതി പുലര്‍ത്തിക്കൊണ്ട് ഓരോ മത്സരത്തിലും മെസ്സി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളം നിറഞ്ഞ് കളിച്ചു. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും ദേശീയ ടീം ജേഴ്‌സിയിലാണ് മികവ് പുറത്തെടുത്തത്. സ്വന്തം ക്ലബ്ബും പോറ്റമ്മയമായ ബാഴ്‌സയ്ക്ക് വേണ്ടി അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മെസ്സി എന്ന ഇതിഹാസം സ്വന്തം നാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം അതിശക്തമാണ്. പെലെയും മെസ്സിയും കളിച്ച കാലം തമ്മിലുള്ള അന്തരം മനസ്സിലാക്കുമ്പോള്‍ ഇരുവര്‍ക്കമിടയിലെ താരതമ്യം അപ്രസക്തമാവുന്നു. പക്ഷേ ഇന്നത്തെ തലമുറ സോക്കര്‍ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച താരം ഇന്ന് നല്ല പ്രായം പിന്നിട്ട ലയണല്‍ മെസ്സിയാണെന്ന് അനേകം കാല്‍പന്ത് കളി നിരൂപകരും കളി എഴുത്തുകാരും പ്രമുഖരും വിലയിരുത്തി.
പ്രായമിപ്പോള്‍ 33. സഹകളിക്കാരില്‍ മിക്കവരും വെക്ടറല്‍സ് ക്ലബ്ബുകളിലേക്ക് ചേക്കേറുകയോ ഏതെങ്കിലും ടീമുകളുടെ പരിശീലരാവുകയോ ചെയ്തു. പക്ഷെ ലിയോയുടെ സോക്കര്‍ താളത്തിന് ഇപ്പോഴും കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് മരീചികയാണെങ്കിലും കഴിഞ്ഞ മൂന്ന് ലാലീഗിലും ടോപ് സ്‌കോററായിരുന്നു. കൂടുതല്‍ അസിസ്റ്റും ആ ബൂട്ടില്‍ നിന്ന് തന്നെ. കഴിഞ്ഞ രണ്ട് വട്ടവും കിരീടവും നേടി. പക്ഷെ ഇക്കാലത്തിനിടയില്‍ ടീമിന് കാര്യമായ തളര്‍ച്ച ബാധിച്ച പോലെയാണ്. ടോട്ടല്‍ ഫുട്‌ബോളിന്റെ മാസ്മരികതയില്‍ ഈയടുത്ത് വരെയും ഗാലറികളെ ത്രസിപ്പിച്ച ബാഴ്‌സ ഇപ്പോള്‍ പൂര്‍ണ്ണമായും മെസ്സിയെന്ന വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നത്. ബാഴ്‌സയിലെ സഹതാരങ്ങളില്‍ പലരും 30 പിന്നിട്ടവരാണ്. ബയോണിനെതിരെ അണിനിരന്ന ബാഴ്‌സ ടീമിന്റെ ശരാശരി വയസ്സ് 31 ആയിരുന്നു. അക്കൂട്ടത്തില്‍ പിക്വെയും സുവാരസും വിദാലും കളിയുടെ തുടക്കത്തിലെ വിയര്‍ത്ത് പോയപ്പോള്‍ മെസ്സിയുടെ ഒറ്റയാള്‍ പോരാട്ടം നിഷ്ഫലമായി. ഈ ജേഴ്‌സിയില്‍ ഇനി തുടരേണ്ടതില്ലെന്ന് ആ നിമിഷം അയാള്‍ തീരുമാനിച്ചിട്ടുണ്ടാവും. ലോക ഫുട്‌ബോളിനെ പിടിച്ചു നിര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങി. മെസ്സി ഒരു സീസണില്‍ കൂടി ബാഴ്‌സയില്‍ തുടരുമെങ്കിലും പഴയ കാലം പോലെയാവില്ലെന്നുറപ്പ്. ക്ലബ്ബിനോടുള്ള ആത്മാര്‍ത്ഥതയില്‍ തെല്ലും കുറവുണ്ടാവില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുമ്പോഴും മുറിവേറ്റ മനസ്സുമായി തന്നെയാവും ബാഴ്‌സയുടെ പടനായകന്‍ വരും സീസണില്‍ കളത്തിലിറങ്ങുക. ബാഴ്‌സ എന്ന വികാരത്തിന് മുന്നിലാണ് മെസ്സിയുടെ മനസ്സ് കീഴടങ്ങിയത്. ഭാര്യയുടെയും മക്കളുടെയും കണ്ണീര്‍, തന്നെ താനാക്കിയ, സ്‌നേഹിച്ച ക്ലബ്ബിനെ കോടതി കയറ്റുന്നതിലെ വേദന എന്നീ കാരണങ്ങളായിരുന്നു നേരത്തെ എടുത്ത തീരുമാനം മാറ്റി 2122 സീസണ്‍ കൂടി കാറ്റലോണയില്‍ തുടരാന്‍ മെസ്സിയെ പ്രേരിപ്പിച്ച ഘടകം. ഒപ്പം 70 കോടി യൂറോ നഷ്ടം നല്‍കിയാലല്ലാതെ ക്ലബ്ബ് വിടാനാവില്ലെന്ന് പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമ്യോയുടെ നിബന്ധനയും മെസ്സിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. മെസ്സി ക്ലബ്ബ് വിടുന്നത് അംഗീകരിക്കാനാവില്ലെന്നും 202223 വരെ കരാര്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമായതായി ബാഴ്‌സലോണ ക്ലബ്ബധികൃതര്‍ വ്യക്തമാക്കി.
2005ല്‍ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ഷൂവും സ്വന്തമാക്കി ആദരവുകളുടെ ലോകത്തേക്ക് ചുവട് വെച്ച മെസ്സി 2008 ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയതിനൊപ്പം 2014ലെ ലോകകപ്പ് 2016 വര്‍ഷത്തെ കോപ അമേരിക്ക ഫൈനലില്‍ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിധ്യമായി. 2011 മുതല്‍ അര്‍ജന്റീന ദേശീയ ടീം നായകനാണ്. ബാഴ്‌സ മെസ്സിക്കൊപ്പം നേടിയ അംഗീകാരങ്ങള്‍ എണ്ണമറ്റതാണ്. ഒന്നര പതിറ്റാണ്ടിനിടെ ലാലീഗ് കിരീടം10, കോപഡെല്‍റ്റ6, സൂപ്പര്‍ കപ്പ് 8 ചാമ്പ്യന്‍സ്ലീദ് 4, യുവേഫസൂപ്പര്‍കപ്പ്3, ഫിഫ ക്ലബ്ബ് ലോകകപ്പ്3 എന്നിങ്ങനെ പട്ടിക ഇനിയും നീളും.
കഴിഞ്ഞ സീസണുകളില്‍ മെസ്സിയെ വിജയിയാക്കിയ മികവുകളുടെ പട്ടിക: ലാലീഗ് കിരീടം, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ചാമ്പ്യന്‍സ് ലീഗ് ബെസ്റ്റ് ഗോള്‍, യുവേഫ ബെസ്റ്റ് ഫോര്‍വേഡ്, യൂറോപ് ടോപ് സ്‌കോറര്‍, ലാലീഗ് ടോപ് സ്‌കോറര്‍, ലാലീഗില്‍ കൂടുതല്‍ അസിസ്റ്റുകള്‍, ഏറ്റവും കൂടുതല്‍ മാന്‍ഓഫ് ദി മാച്ച്, കൂടുതല്‍ ഫ്രീ കിക്ക് ഗോളുകള്‍, ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ പട്ടിക നീളും റിക്കാര്‍ഡും ലിയോക്കാണ് 70. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താല്‍പര്യം കാട്ടുന്നു.
സ്വന്തമായൊരു സന്നദ്ധ സംഘടനയുണ്ട്. ലിയോ മെസ്സി ഫൗണ്ടേഷന്‍. അന്റോണില്ലയാണ് ജീവിത സഖി മൂന്ന് മക്കളുണ്ട്. ഫലത്തില്‍ മെസ്സി എന്ന ബ്രാന്റിനെ ടീമിനൊപ്പം നിലനിര്‍ത്തുന്നതില്‍ വിജയിച്ചെന്ന് പ്രസിഡണ്ടിന് അവകാശപ്പെടാമെങ്കിലും ലയണല്‍ മെസ്സി എന്ന ഫുട്‌ബോളര്‍ ബാഴ്‌സ വിട്ടു പറന്നകന്നു എന്ന് ആരാധകര്‍ വിശ്വസിക്കുന്നു.