കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ. അടക്കം 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 16 ആയി. വ്യാഴാഴ്ച്ച സി.ഐ. അടക്കം ആറ് പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്ന് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലയിലെ പൊലീസ് സ്റ്റേഷനാണ് കാസര്‍കോട്. ദിവസേന കുറഞ്ഞത് അഞ്ചിലധികം കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ജനമൈത്രി പൊലീസ് സ്റ്റേഷന്‍കൂടിയാണ്. വനിതാ പൊലീസ് സ്റ്റേഷന്‍, കണ്‍ട്രോള്‍ എന്നീ സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 100 ലധികം പൊലീസുകാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റുള്ള പൊലീസുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുന്തോറും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും ജോലി ഭാരം കൂടുന്നു.