കാസര്‍കോട്: ശ്വാസ തടസം നേരിട്ട വയോധികനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ജില്ലാ ആസ്പത്രിയില്‍ ചികിത്സക്കായി മണിക്കൂറുകളോളം കാത്തുനിര്‍ത്തിയതായി പരാതി. തളങ്കര സ്വദേശിയായ 72 കാരനാണ് ഇന്നലെ ശ്വാസതടസം നേരിട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ 108 നമ്പറില്‍ ആംബുലന്‍സിന് വിളിച്ചു. എന്നാല്‍ കോവിഡ് രോഗിയാണെങ്കില്‍ മാത്രമെ വരാന്‍ പറ്റുകയുള്ളൂവെന്ന് പറഞ്ഞുവത്രെ. പിന്നീട് സ്വകാര്യ ആംബുലന്‍സ് വിളിച്ച് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കോവിഡ് ടെസ്റ്റിനാണ് എഴുതിയിട്ടുള്ളതെന്നും ഇതിനുള്ള സൗകര്യം ജില്ലാ ആസ്പത്രിയിലാണെന്നും അവിടെ നിന്നും അറിയിച്ചു. ബന്ധുക്കളുടെ നിര്‍ബന്ധം കാരണം ആംബുലന്‍സില്‍ തന്നെ ആന്റീജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ ജില്ലാ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും മണിക്കുര്‍ കഴിഞ്ഞതോടെ വയോധികന്‍ അവശനായി. ഇവിടെ കിടത്തി ചികിത്സിക്കാന്‍ കിടക്കയില്ലെന്നും തങ്ങളെ അറിയിക്കാതെ ആരാണ് രോഗിയെ ഇങ്ങോട്ടേക്ക് പറഞ്ഞ് വിട്ടതെന്നും ചോദിച്ചതായും ആക്ഷേപമുണ്ട്. പിന്നീട് ചിലര്‍ ഇടപ്പെട്ടതോടെ അഡ്മിറ്റാക്കുകയായിരുന്നുവത്രെ.