തെക്കിലിലെ ടാറ്റാ ആസ്പത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. എന്നിട്ടും ഇത് തുറന്ന് കൊടുക്കാനുള്ള നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ജില്ലയിലെ ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇവിടേക്കായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായിരിക്കയാണ്. ഒന്നാം ഘട്ടമായാണ് 191 തസ്തികകള്‍ സൃഷ്ടിക്കുന്നത്. ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള തസ്തികകളാണ് അനുവദിച്ചത്. തസ്തികകള്‍ അനുവദിച്ചാലും സ്ഥിരം നിയമനം ഉണ്ടാവാന്‍ മാസങ്ങള്‍ കഴിയും. ഇത് കണക്കിലെടുത്ത് ഈ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്ന കാര്യമാണ് അധികൃതര്‍ പരിഗണിക്കേണ്ടിയിരിക്കുന്നത്. 60 കോടി ചെലവിലാണ് തെക്കിലില്‍ ടാറ്റാ കോവിഡ് ആസ്പത്രി നിര്‍മ്മിച്ചിരിക്കുന്നത്. 541 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്ട് ഇവിടെയുള്ളത്. സൂപ്രണ്ട്, ആര്‍.എം.ഒ, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, നഴ്‌സിംഗ് സൂപ്രണ്ട്, ഹെഡ്‌നേഴ്‌സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, സ്റ്റോര്‍ സൂപ്രണ്ട്, ഫാര്‍മസിസ്റ്റ്, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ അടിയന്തിരമായി നിയമം നടത്തിയാലേ ആസ്പത്രി പ്രവര്‍ത്തിപ്പിക്കാനാവു. 438 പേര്‍ക്ക് കോവിഡ് നിരീണത്തിലും 108 പേര്‍ക്ക് ഐസോലേഷനിലും കഴിയാന്‍ സൗകര്യമുള്ളതാണ് ആസ്പത്രി. ആസ്പത്രി കൈമാറിയെങ്കിലും ഇവിടേക്ക് ആവശ്യമായ റോഡ്, വൈദ്യുതി, കുടിവെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തെക്കില്‍ അമ്പട്ട ദേശീയ പാതയില്‍ നിന്ന് റോഡൊരുക്കിയിട്ടുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ സോളിംഗ് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന് 2.81 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. നിലവില്‍ ചട്ടഞ്ചാല്‍ നോര്‍ത്തില്‍ നിന്ന് എം.ഐ.സി കോളേജിനരികില്‍ കൂടിയുള്ള റോഡും വികസിപ്പിക്കാം. 100 കെ.വി.എ.യുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചാണ് ആസ്പത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആസ്പത്രി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഈ ശേഷി തികയില്ല. 2000 കെ.വി.എ.യുടെ ട്രാന്‍സ്‌ഫോര്‍മര്‍ വേണ്ടി വരും. വൈദ്യുതി മുടങ്ങാതെ ലഭിക്കണമെങ്കില്‍ മൈലാട്ടി സബ്‌സ്റ്റേഷനില്‍ നിന്ന് ആറര കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക എബിസി ലൈന്‍ വേണം. ഇതിനും ഒന്നേ മുക്കാല്‍ കോടിയോളം രൂപ നീക്കിവെച്ചിട്ടുണ്ട്. ലൈന്‍ വലിക്കുന്നത് വരെ താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ മറ്റ് ഫീഡറുകളില്‍ നിന്ന് താല്‍ക്കാലിക ക്രമീകരണം ഉണ്ടാക്കി സ്ഥിരം സംവിധാനം ഉണ്ടാകും വരെ വൈദ്യുതി എത്തിക്കാം. ആസ്പത്രിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിന് ബാവിക്കരയിലെ ജല അതോറിറ്റി പ്ലാന്റില്‍ നിന്ന് തെക്കിലിലേക്ക് സ്ഥിരം സംവിധാനമൊരുക്കാം. ആസ്പത്രി വളപ്പില്‍ ഏതാനും കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തല്‍ക്കാലം ഇതുപയോഗപ്പെടുത്താം. ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും നിയമനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തന്നെ ഈ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാവണം.