കള്ളച്ചിരിയില്‍ ഒതുക്കാനാവില്ല, അഹ്മദ് മാഷുടെ മുന്നില്‍ ഒഴിവു കഴിവുകളൊന്നും. മറ്റൊരു സ്‌നേഹപ്പാല്‍ച്ചിരിയാല്‍ മാഷത് നേരത്തേ കണ്ടെത്തിക്കഴിഞ്ഞിരിക്കും.
കാസര്‍കോട് സാഹിത്യ വേദിയുടെ ഓരോ ഉബൈദ് അനുസ്മരണ ദിനത്തിലും നിര്‍ബന്ധമായും എത്തേണ്ടത് ഈ ദേശത്തെ ഓരോ എഴുത്തുകാരന്റെയും കര്‍ത്തവ്യമാണെന്ന് മാഷ് പറയാതെ തന്നെ ഞങ്ങളെ ഓര്‍മ്മപ്പെടുത്തും. പൊള്ളവാക്കും ചെലവാകില്ല, മാഷുടെയടുത്ത്. അനുഭവത്തില്‍ത്തൊട്ട ഭാഷക്കേ അവിടെ അനുമതിയുള്ളൂ. ഒരിക്കല്‍ മഹാകവി പി.യുടെ കളിയച്ഛന്‍ എന്ന കവിതയെക്കുറിച്ച് ‘എന്റെ വായന’ എന്ന പംക്തിയില്‍ എന്നെക്കൊണ്ട് മാഷ് മാതൃഭൂമി പത്രത്തില്‍ എഴുതിച്ചിട്ടുണ്ട്. അലങ്കാരവും ചമല്‍ക്കാരവുമൊന്നുമല്ല, സാധാരണക്കാരന്റെ മനസ്സിലെത്തുന്ന തെളിമയാവണം പത്ര ഭാഷയെന്ന് ഞാന്‍ പഠിച്ചത് ആ നിമിഷങ്ങളിലെ മാഷുടെ ഉപദേശങ്ങളില്‍ നിന്നാണ്. ഭാഷയിലെ ഈ ലാളിത്യമാണ് അഹ്മദ്മാഷുടെ വാര്‍ത്തകളുടെ സൗന്ദര്യം.
1982ല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് ഞാന്‍ കാസര്‍കോട് സാംസ്‌കാരികത്തറവാടുകളുമായി ബന്ധപ്പെടുന്നത്. അതിലൊന്ന് ജി.ബി.വത്സന്‍ മാഷുടെയും മുരളി മാഷുടെയുമെല്ലാം നേതൃത്വത്തില്‍ വടക്കന്‍ മണ്ണിന്റെ സാംസ്‌ക്കാരിക ബോധത്തില്‍ നവീനമായ ബോധധാരകള്‍ സംക്രമിപ്പിച്ച കാസര്‍കോട് ഫിലിം സൊസൈറ്റിയും കലാക്ഷേത്രവുമാണ്. മറ്റൊന്ന് അഹ്മദ് മാഷിന്റെയും സി.രാഘവന്‍ മാഷിന്റെയുമെല്ലാം കാര്‍മ്മികത്വത്തില്‍ കവിയരങ്ങും ഉബൈദ് അനുസ്മരണവും സാംസ്‌കാരിക സായാഹ്നങ്ങളുമായി പൂത്തുലഞ്ഞ ‘സാഹിത്യ വേദി’യായിരുന്നു. സജീവമായ ഈ രണ്ട് സര്‍ഗ്ഗാത്മക പാഠശാലകളില്‍ എന്റെ കവിതയും അരങ്ങു കണ്ടു.
അഹ്മദ് മാഷിലൂടെയാണ് ടി.ഉബൈദ് എന്ന വലിയ കവിയെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത്. സാഹിത്യ വേദിയിലൂടെയാണ് ആ വിശുദ്ധ വ്യക്തിത്വത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എനിക്ക് സാധിച്ചത് ഇബ്രാഹിം ബേവിഞ്ച മാഷ് എഴുതിയ ‘ഉബൈദിന്റെ കവിതാ ലോകം’എന്ന അമൂല്യ ഗ്രന്ഥവും തേടിപ്പിടിച്ച് വായിക്കാന്‍ എനിക്ക് പ്രേരണയായതും സാഹിത്യ വേദിയിലെ ഉബൈദ് അനുസ്മരണങ്ങളില്‍ നിന്ന് കിട്ടിയ ആവേശമാണ്. അഹ്മദ് മാഷുമായുള്ള സാംസ്‌ക്കാരിക ബന്ധുത്വമാണ്, പി.വി.കൃഷ്ണന്‍ മാഷിലെ ദാര്‍ശനിക കാര്‍ട്ടൂണിസ്റ്റിനെയും പി.അപ്പുക്കുട്ടന്‍ മാഷിലെ മനുഷ്യപ്പറ്റുള്ള നിരൂപകനേയും സി.രാഘവന്‍ മാഷിലെ വാത്സല്യനിധിയും ഭാഷാ സ്‌നേഹിയുമായ വിവര്‍ത്തകനേയും കൂടുതല്‍ അടുത്തറിയാന്‍ എനിക്കിടം തന്നത്.
സ്‌നേഹാര്‍ദ്രമായ മനസ്സുള്ള വി.വി.പ്രഭാകരന്‍, റഹ്മാന്‍ തായലങ്ങാടി തുടങ്ങിയ പത്രപ്രവര്‍ത്തകരും യുക്തിചിന്താധനനായ പ്രഭാഷകന്‍ നാരായണന്‍ പേരിയ മാഷ്, നന്മ നിറഞ്ഞ എം പി കരുണാകരന്‍ മാഷ് തുടങ്ങിയ സുമനസ്സുകളുമെല്ലാം സാഹിത്യ വേദിയിലൂടെ എനിക്ക് സൗഹൃദത്തിന്റെ തണല്‍ തന്നു. ഞാനും വിദ്യാധരന്‍ പെരുമ്പളയും രാധാകൃഷ്ണന്‍ പെരുമ്പളയും നാലാപാടം പത്മനാഭനും പി.എസ്. ഹമീദുമെല്ലാം കവിയരങ്ങുകളിലൂടെ നിരന്തരം ആ വേദിയില്‍ ഒത്തുചേര്‍ന്നു. ആ അവസരങ്ങളിലെല്ലാം അഹ്മദ്മാഷ് ഞങ്ങളെ ഹൃദയത്തിന്‍ ചേര്‍ത്തു പിടിച്ചു. മാഷുടെ സ്വന്തം പത്രമായ ഉത്തരദേശത്തിന്റെ വാരാന്തപ്പതിപ്പുകളിലേക്കും വിശേഷാല്‍ പ്രതികളിലേക്കും കവിതകള്‍ ആവശ്യപ്പെടുകയും അവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. വലിപ്പച്ചെറുപ്പങ്ങള്‍ അഹ്മദ് മാഷിന് ഒരു വിഷയമേയല്ല. ഒരു ഇളയ സഹോദരനെപ്പോലെയാണ് ഈ എളിയവനെയും മാഷ് കണ്ടത്. ഉബൈദ്മാഷെ ശ്രേഷ്ഠഗുരുവായും പി.എസ്. ഹമീദിനെ അരുമശിഷ്യനായും കാവ്യ വഴിയില്‍ മാഷ് കണ്ടെത്തുന്നത് ആ ഹൃദയവിശാലതയുടെ ബഹിര്‍സ്ഫുരണമാണ്.
മഹാകവി പി.കുഞ്ഞിരാമന്‍ നായരും ടി.ഉബൈദുമെല്ലാം സാഹിത്യ പൂരപ്പറമ്പില്‍ കവിതയുടെ തിടമ്പേറ്റിയ കാലങ്ങളില്‍ അവരോടൊപ്പം ഇടപഴകിയ ധന്യസ്മൃതികള്‍ അഹ്മദ്മാഷ് വിവരിക്കുന്നതു കേള്‍ക്കാന്‍ നല്ല സുഖമാണ്. ആനയെത്തൊടാനായില്ലെങ്കിലും ആനക്കാരനെത്തൊട്ട ആഹ്ലാദമാണ് എനിക്കപ്പോഴെല്ലാം. മഹാകവി പി.യുടെ കാവ്യജീവിതത്തിന്റെ അപൂര്‍വ്വനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്‍ മാഷുടെ ഫോട്ടോകളിലൊന്നില്‍ കടല്‍ത്തീരത്തെ കുട്ടികളോടൊന്നിച്ച് മഹാകവിയോടൊത്ത് അഹമ്മദ് മാഷ്‌നില്‍ക്കുന്ന ഫോട്ടോ നോക്കി നില്‍ക്കുന്നത് എനിക്കെന്നും കൗതുകകരമായ ഒരനുഭവമാണ്. അത്രയ്ക്കും സുന്ദരമാണ് ആ കലാശില്‍പം.
പഴയ കാലത്തെ എഴുത്തുകാര്‍ തമ്മിലുണ്ടായിരുന്ന പരസ്പര സ്‌നേഹവും ആദരവും സഹവര്‍ത്തിത്വവുമെല്ലാം മാഷ് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഇനിയുള്ള തലമുറയിലും അത് പുലര്‍ന്നു കാണാന്‍ മാഷ് ആഗ്രഹിച്ചു കൊണ്ടേയിരുന്നു.
ആരും കാണാത്ത കാഴ്ചകള്‍, ചില വ്യക്തിത്വ സവിശേഷതകള്‍, പ്രാദേശിക സംസ്‌കൃതിയുടെ അമൂല്യതകള്‍, നാട്ടുപദങ്ങളുടെ അര്‍ത്ഥവ്യാപ്തികള്‍, ഇവയെല്ലാം അഹ്മദ് മാഷ് സൂക്ഷ്മവും ലളിതവുമായി രേഖപ്പെടുത്തി. മുമ്പേ കടന്നു പോയ മഹാത്മാക്കളുടെ ജീവിത പാഠങ്ങളിലെ നന്മകള്‍ പിമ്പേ വരുന്ന തലമുറയ്ക്കും കൈമോശം വരാതെ പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിച്ചു.
മാഷുടെ ഏതെഴുത്തും ഓരോ പ്രാദേശിക ഭൂപടമാണ്. ‘ഓര്‍മ്മയുടെ കിളിവാതിലിലൂടെ’യുള്ള ആ സ്‌നേഹനിലാവ് വായനക്കാരന്റെ മനസ്സില്‍ നന്മയുടെ വെളിച്ചം പകരുന്നു. ‘ചന്ദ്രഗിരിക്കരയിലൂടെ’ സഞ്ചരിച്ച് ആ തൂലിക കേരളക്കരയാകെ വടക്കന്‍ മണ്ണിന്റെ നേര് തുറന്നു കാട്ടി. നാടുകാണലും നാട്ടുകാരെ നാടിന്റെ ആത്മാവ് കാണിക്കലും മാഷിന്റെ പത്രമെഴുത്തിന്റെ മഹനീയദൗത്യമായി. പ്രശ്‌നാവതരണവും പ്രശ്‌ന നിര്‍ദ്ധാരണവും പരിഹാരവും അതിന്റെ ഫലശ്രുതിയായി. അങ്ങനെ ശാന്തവും നിര്‍ഭയവും ഗംഭീരവുമായ സാംസ്‌ക്കാരിക പ്രവര്‍ത്തനമായി അഹ്മദ്മാഷുടെ പത്രപ്രവര്‍ത്തനം.
(അഹ്മദ് മാഷ് ആദര
പുസ്തകത്തില്‍ നിന്ന്)