ഷാര്‍ജ: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉഗ്രന്‍ തിരിച്ചുവരവായിരുന്നു ഞായറാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 178 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ മറികടന്ന 39കാരനായ ഷെയിന്‍ വാട്‌സണും 36കാരനായ ഫാഫ് ഡു പ്ലെസിസും തങ്ങള്‍ക്ക് ഇനിയും ഒരു ബാല്യം ബാക്കിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു. 10 വിക്കറ്റ് ജയത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും ചെന്നൈ ഫാന്‍സിന് ഒരുപരിധി വരെ സാധിച്ചു. 17.4 ഓവറിലാണ് ചെന്നൈ വിജയം നേടിയത്. വാട്‌സണ്‍ 53 പന്തില്‍ 83 റണ്‍സും ഫാഫ് 53 പന്തില്‍ 87 റണ്‍സും നേടി.
വിജയങ്ങള്‍ക്ക് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നും ചേസിംഗ് എന്നുമൊക്കെ വീരവാദം മുഴക്കി ചെന്നൈ ഫാന്‍സ് രംഗത്തെത്തിയെങ്കിലും വാദങ്ങളുടെ മുനയൊടിക്കുന്ന മറുവാദവുമായി മുംബൈ ഇന്ത്യന്‍സ് ഫാന്‍സും മറ്റു ക്രിക്കറ്റ് പ്രേമികളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഇതിനിടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ മിന്നും ചേസിംഗ് എന്ന് സംശയത്തിന് ഇടനല്‍കാതെ പറയാവുന്ന 2014ലെ മുംബൈ-രാജസ്ഥാന്‍ ത്രില്ലിംഗ് മത്സരവും വീണ്ടും ചര്‍ച്ചയായി. സമ്മര്‍ദങ്ങളുടെ പടുകുഴിയില്‍ നിന്നുകൊണ്ട് മുംബൈ നേടിയ ജയം ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല.
ആ കഥ ഇങ്ങനെ; 2014 സീസണ്‍, 22 പോയിന്റ് നേടി പഞ്ചാബും 18 വീതം പോയിന്റ് നേടി ചെന്നൈ, കൊല്‍ക്കത്ത ടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചു. അവസാന മത്സരത്തിനിറങ്ങുമ്പോള്‍ 13 കളികളില്‍ നിന്ന് മുംബൈക്ക് 12 പോയിന്റും രാജസ്ഥാന് 14 പോയിന്റുമുണ്ട്. കളി ജയിച്ചാല്‍ രാജസ്ഥാന് നാലാമനായി പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് തീരുമാനിക്കും.
2014 മെയ് 25, ഇരുടീമുകളുടെയും സീസണിലെ അവസാനത്തെ മത്സരം. രാത്രി എട്ട് മണിക്ക് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുന്നു. മലയാളി താരം സഞ്ജു സാംസണിന്റെയും (47 പന്തില്‍ 74) കരുണ്‍ നായരുടെയും (27 പന്തില്‍ 50) മികവില്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 189 റണ്‍സ് എടുത്തു. ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചയുടനെ പ്ലേ ഓഫ് സാധ്യതകള്‍ നിശ്ചയിച്ചു. വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ്. മുംബൈക്ക് ആണെങ്കില്‍ ജയിച്ചാല്‍ മാത്രം പോരാ, 14.3 ഓവറില്‍ ജയിക്കണം. അതായത് 87 പന്തില്‍ 190 റണ്‍സ് മറികടക്കണം. വിക്കറ്റ് നഷ്ടവും റണ്‍ റേറ്റ് കുറയാന്‍ ഇടയാക്കിയേക്കും. അതും ശ്രദ്ധിക്കണം.
മറുപടി ബാറ്റിംഗിന് ഇറങ്ങുംമുമ്പേ കമന്ററി ബോക്‌സില്‍ നിന്ന് പരിഹാസങ്ങള്‍ ഉയര്‍ന്നു. ഈ ടോട്ടല്‍ 14.3 ഓവറില്‍ മറികടക്കണമെങ്കില്‍ മുംബൈയ്ക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ മാക്‌സ് വെല്‍, മില്ലര്‍, പത്താന്‍, ഡിവില്ലിയേഴ്‌സ് എന്നിവരെ ലോണില്‍ കിട്ടുമോ എന്ന് നോക്കൂ എന്നായിരുന്നു പരിഹാസം.
മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. എട്ട് പന്തില്‍ 12 റണ്‍സുമായി സിമ്മണ്‍സ് പുറത്ത്. കോറി ആന്‍ഡേഴ്‌സണും ഹസ്സിയും ക്രീസില്‍. 4.2 ഓവറില്‍ ഹസ്സിയും (22) അതേ ഓവറിലെ അവസാന പന്തില്‍ പൊള്ളാര്‍ഡും (7) പുറത്ത്. അടുത്തതായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 71 എന്ന നിലയില്‍. 84 പന്തുകള്‍ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ 51 പന്തില്‍ 119 റണ്‍സ് എടുക്കണം.
ഏഴാം ഓവര്‍ എറിയാനെത്തിയത് കെവന്‍ കൂപ്പര്‍. വിട്ടുനല്‍കിയത് 4 റണ്‍സ് മാത്രം. ലക്ഷ്യം 45 പന്തില്‍ 115 റണ്‍സ്. താംബെയുടെ അടുത്ത ഓവറില്‍ 14 റണ്‍സും കൂപ്പര്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ 15 റണ്‍സും. വേണ്ടത് 5.3 ഓവറില്‍ 101 റണ്‍സ്. അടുത്ത ഓവറിലെ രണ്ടാം പന്തില്‍ 16 റണ്‍സുമായി രോഹിത് പുറത്ത്. അഞ്ചാം വിക്കറ്റില്‍ ആന്‍ഡേഴ്‌സണ് കൂട്ടായി റായുഡു ക്രീസിലെത്തി. 10 ഓവര്‍ അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 120/4 എന്ന നിലയില്‍. ആവശ്യം 27 പന്തില്‍ 70 റണ്‍സ്. ”ഒന്നാം ഇന്നിംഗ്‌സില്‍ 11-15 ഓവറിനിടെ രാജസ്ഥാന്‍ സ്‌കോര്‍ ചെയ്തത് 75 റണ്‍സ്, ഒരിക്കല്‍ കൂടി സഞ്ജുവിനെയും കരുണിനെയും മുംബൈക്ക് വേണ്ടി കളിപ്പിക്കാന്‍ കഴിയുമോ?” കമന്ററി ബോക്‌സില്‍ നിന്ന് വീണ്ടും പരിഹാസം.
11ാം ഓവര്‍ എറിഞ്ഞ ഫോക്‌നര്‍ വാങ്ങിയത് 19 റണ്‍സ്. വാട്‌സന്റെ അടുത്ത ഓവറില്‍ 18.. 13ാം ഓവറില്‍ കൂപ്പര്‍ വിട്ടുകൊടുത്തത് 13 റണ്‍സ്. ”14.3 ഓവറില്‍ കളി സമനിലയായാല്‍ തങ്ങള്‍ക്കൊരു സൂപ്പര്‍ ഓവര്‍ മാച്ച് കിട്ടുമോ എന്നാണ് മുംബൈ ക്യാപ്റ്റന്‍ ആലോചിക്കുന്നത്”; മികച്ച ഇന്നിംഗ്‌സുമായി റായുഡുവും ആന്‍ഡേഴ്‌സണും മുന്നേറുമ്പോഴും കളിയാക്കലുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 9 പന്തില്‍ 20 റണ്‍സ് എടുത്താല്‍ മുംബൈയ്ക്ക് പ്ലേ ഓഫ്. താംബയുടെ 14ാം ഓവറില്‍ രണ്ട് ഫോറുകള്‍ സഹിതം 11 റണ്‍സ് മാത്രം.
ഗാലറികള്‍ നിശബ്ദമായി. മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ്.. പന്ത് ഫോക്‌നറുടെ കൈകളില്‍.. സ്‌ട്രൈക്ക് എന്‍ഡില്‍ 94 റണ്‍സുമായി കോറി ആന്‍ഡേഴ്‌സണ്‍.. ആദ്യ പന്തില്‍ സിംഗിള്‍.. രണ്ടാം പന്തില്‍ റായുഡു സിക്‌സര്‍ പറത്തി. ഇനി ഒരു പന്തില്‍ രണ്ട് റണ്‍സ്.. നേടിയാല്‍ ത്രസിപ്പിക്കുന്ന ജയത്തോടെ മുംബൈ പ്ലേ ഓഫിലേക്ക്, അല്ലെങ്കില്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാം. അടുത്ത പന്തില്‍ റായുഡു സിംഗിള്‍ ഓടിയെടുത്തു. ഫീല്‍ഡര്‍ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി പോയതോടെ രണ്ടാം റണ്ണിനായി ഓടിയ റായുഡു റണ്‍ ഔട്ട്.. 10 പന്തില്‍ 30 റണ്‍സുമായി റായുഡു പോയി. കളി സമനില.. പക്ഷേ മുംബൈയുടെ അവസരം കഴിഞ്ഞു. ഇനി ജയത്തോടെ വീട്ടിലേക്ക് മടങ്ങാം.. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷിയാക്കി വാങ്കഡെ നിശബ്ദമായി.
അംപയര്‍മാര്‍ ഒരിക്കല്‍ കൂടി റണ്‍റേറ്റ് പരിശോധിച്ചു. കുറച്ചുസമയത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ അംപയര്‍ ആ അറിയിപ്പ് നല്‍കി. അടുത്ത പന്തില്‍ ബൗണ്ടറി നേടി ജയിക്കുകയാണെങ്കില്‍ മാത്രം റണ്‍ റേറ്റിന്റെ പിന്‍ബലത്തില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാം. സ്‌ട്രൈക്ക് എന്‍ഡില്‍ ആദിത്യ താരെ.. ഫോക്‌നറുടെ ഫുള്‍ടോസ് ഗ്രൗണ്ടിന്റെയും രാജസ്ഥാന്‍ പ്രതീക്ഷകളുടെയും അതിര്‍വരമ്പുകള്‍ കടന്ന് സ്റ്റേഡിയത്തിലേക്ക്.. വാങ്കഡെയുടെ ഇടനെഞ്ചിലേക്ക്.. ത്രസിപ്പിക്കുന്ന ചേസിംഗുമായി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക്.. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇരുവരെയും കെട്ടിപ്പുണര്‍ന്നു. കൈപ്പിടിയിലെത്തിയ വിജയം കൈവിട്ടുപോയതോടെ കണ്ണീരണിഞ്ഞ് രാജസ്ഥാന്‍ താരങ്ങള്‍.. ഡഗ്ഔട്ടില്‍ തൊപ്പി വലിച്ചെറിഞ്ഞ് രോഷാകുലനായി രാഹുല്‍ ദ്രാവിഡ്.. 44 പന്തില്‍ 95 റണ്‍സ് നേടിയ ആന്‍ഡേഴ്‌സണ്‍ കൡലെ താരമായി.
മത്സരശേഷം രോഹിത് പറഞ്ഞത് ”നത്തിംഗ് ഈസ് ഇംപോസിബിള്‍.. (അസാധ്യമായത് ഒന്നുമില്ല), ഞങ്ങള്‍ക്ക് മുന്നിലുള്ള ടാര്‍ഗെറ്റ് എന്തായിരുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് അതിനെ കീഴടക്കിയേ മതിയാകുമായിരുന്നു. സാധിക്കുമെന്ന ആത്മവിശ്വസം വലുതായിരുന്നു” എന്നായിരുന്നു.
Mumbai Vs Rajasthan in 2014, CSK Vs Punjab in 2020; Whic is the best run chasing in IPL History?