ലഖ്നൗ: ഹഥ്റാസില്‍ ലൈംഗീക പീഡനത്തിനും മര്‍ദനത്തിനും ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു പി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ സിദിഖ് കാപ്പനെ ഹാജരാക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.
ഡി കെ ബസു കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖയുടെ ലംഘനം കാപ്പന്റെ അറസ്റ്റില്‍ ഉണ്ടായി എന്നും കാപ്പന്റെ കുടുംബാംഗങ്ങളെ ഇത് വരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് വിവരം അറിയിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആണ് സിദിഖ് കാപ്പന്‍ ഹാഥ്‌റാസിലേക്ക് പോയതെന്നും ഹേബിയസ് കോര്‍പസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.
അതിനിടെ സിദ്ദീഖിനെ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി തന്നെ യുപി മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായും ബന്ധപ്പെടുന്നുണ്ട്. അവരുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു രാത്രി തന്നെ കത്ത് കൈമാറിയതായും ഫോണിലും ബന്ധപ്പെട്ട് വരുന്നതായും സംസ്ഥാന പ്രസിഡന്റ് കെ പി റെജി പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനുമായും ബിജെപി നേതൃത്വവുമായും ബന്ധപ്പെട്ടും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഡെല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ഭര്‍ത്താവ് അറസ്റ്റിലായെന്ന വിവരം അറിഞ്ഞതെന്നും ഇതു സംബന്ധിച്ച് യുപി പോലിസില്‍ നിന്നും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സിദ്ദീഖിന്റെ ഭാര്യ മെഹ്ന സിദ്ദീഖ് പറഞ്ഞു.