തൃശൂര്‍: സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയില്‍ വീട്ടില്‍ നന്ദന്‍ (48) പൊലീസ് പിടിയിലായി. കൊലപാതകം നടന്ന രാത്രി തന്നെ നന്ദനും കൂട്ടുപ്രതികളായ ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരും ഒളിവില്‍ പോയിരുന്നു. ഇയാള്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.
രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുടെ പാസ്പോര്‍ട്ടും മറ്റുരേഖകളും പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇനി രണ്ട് പ്രതികളെ പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് സനൂപ് കുത്തേറ്റുമരിച്ചത്. ആര്‍.എസ്.എസുകാരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമല്ലെന്നും പൊലീസ് പറയുന്നു. അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതിന് ചിറ്റിലങ്ങാട് സ്വദേശിയായ മിഥുനും പ്രദേശവാസികളായ ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം പരിഹരിക്കാനാണ് സനൂപും സുഹൃത്തുക്കളായ പുതുശ്ശേരി കോളനിയിലെ പനക്കല്‍ വിബിന്‍ (വിബിക്കുട്ടന്‍ 28), അഞ്ഞൂര്‍പാലം മുക്കില്‍ വീട്ടില്‍ ജിതിന്‍ (ജിത്തു 25), മരത്തംകോട് കിടങ്ങൂര്‍ കരുമത്തില്‍ അഭിജിത്ത് (28) എന്നിവരുമെത്തിയത്. റോഡില്‍ നിന്ന് സംസാരിക്കുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് സനൂപിന് വയറില്‍ രണ്ട് തവണ കുത്തേറ്റത്. പുറത്തും ആഴത്തിലുള്ള മുറിവുണ്ട്. വിബിക്കുട്ടനും സാരമായി പരിക്കേറ്റിരുന്നു.
Sanoop murder: Main accused arrested