തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കോവിഡ് വ്യാപനം തീവ്രമായിരിക്കുന്നത്. തിരുവനന്തപുരത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്ക് രേഖപ്പെടുത്തിയത് ഞായറാഴ്ചയാണ്. 1119 പേര്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് കോഴിക്കോട് ജില്ലയില്‍ ആയിരുന്നു രോഗികളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്, 1164.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച വരെ 39,301 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളം (22,790), കോഴിക്കോട് (23,783), മലപ്പുറം (26,898) എന്നിങ്ങനെയാണ് മറ്റ് മൂന്ന് ജില്ലകളിലെ കണക്ക്. ഈ നാല് ജില്ലകളിലുമായി കഴിഞ്ഞ 15 ദിവസത്തിനിടെ 10,000ന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 ദിവസത്തിനിടെ എറണാകുളത്ത് മാത്രം 11,000 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയില്‍ രണ്ട് തവണ രോഗികളുടെ എണ്ണം 1000 കടക്കുകയും ചെയ്തു. കേരളത്തില്‍ കോവിഡ് രോഗം കണ്ടെത്താന്‍ നടത്തുന്ന പരിശോധനകളില്‍ പോസിറ്റീവാകുന്നവരുടെ ഏറ്റവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) ഇപ്പോള്‍ 15 ശതമാനം മാത്രമാണ്. കോവിഡ് പരിശോധനകളുടെ ക്ഷമത സംബന്ധിച്ച സൂചകമായ ടി.പി.ആര്‍ പരിശോധനകള്‍ കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രോഗം അതിരൂക്ഷമായി വ്യാപിക്കാന്‍ ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടി.പി.ആറിലൂടെയാണ് കൊവിഡിന്റെ വ്യാപനത്തോത് വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ടി.പി.ആര്‍ അഞ്ച് ശതമാനമായി നില്‍ക്കുന്നതാണ് അഭികാമ്യം. എന്നാല്‍ 10 ശതമാനത്തില്‍ കൂടാനും പാടില്ല.
രോഗം കണ്ടെത്താന്‍ നടത്തുന്ന പ്രതിദിന പരിശോധനകള്‍ 50,000 ആയി ഉയര്‍ത്തിയെങ്കിലും ഇത് സ്ഥിരമായി നിലനിര്‍ത്തുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിക്കുന്നു. തിങ്കളാഴ്ച 38,696 ടെസ്റ്റുകള്‍ മാത്രമാണ് നടത്താനായത്. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധന ശരാശരി 56,000 ആയി നിലനിര്‍ത്താനായത് ആരോഗ്യവകുപ്പിന്റെ മികവുമാണ്.