കാസര്‍കോട്: നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഓപ്പറേഷന്‍ പി. ഹണ്ട് എന്ന പേരിലാണ് നടപടി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളില്‍ അറസ്റ്റിലായത് 41 പേരാണ്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ മേല്‍ നോട്ടത്തിലാണ് സംസ്ഥാനമൊട്ടുക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചത്. കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം പിടിച്ചെടുത്ത ഇലക്ട്രോണിക്ക് വസ്തുക്കള്‍ പരിശോധനയ്ക്ക് അയക്കും. നിരവധി പേര്‍ സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.
കോവിഡ്കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ ‘കൊറോണ ലൈഫ്’ ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിനെതിരെയും അന്വേഷണം ശക്തമാക്കി. മലയാളിക്ക് പ്രിയപ്പെട്ട പഴങ്ങളുടെയും ടി.വി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ് ഇതിനായുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകള്‍ അധികവും. നാനൂറോളം മലയാളികള്‍ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.എം.ഇ.സി (നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍) സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരുടെ ഐ.പി അഡ്രസും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്നത്. സൈബര്‍ ഡോമിനു കീഴിലുള്ള ‘കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ‘ (സിസിഎസ്ഇ) സംഘമാണ് ‘പി ഹണ്ട്’ നടത്തുന്നത്.