കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും വിള നഷ്ടവും മൂലം ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം തരുന്ന തീരുമാനമാണ് സര്‍ക്കാറിന്റേത്. റബ്ബറും കുരുമുളകും മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളും ഒരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെ വില ഇടിഞ്ഞു കൊണ്ടിരിക്കയാണ്. കുരുമുളകിന് കിലോക്ക് 500 രൂപ തോതിലാണ് ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന് കിലോക്ക് 300 രൂപ മാത്രമേ ലഭിക്കുന്നുള്ളു. ഇതാണ് കര്‍ഷകരോടുള്ള വഞ്ചന. റബ്ബറിന്റെ കാര്യത്തില്‍ ഇത് തന്നെ അവസ്ഥ. കിലോക്ക് 100 രൂപ മാത്രം ലഭിക്കുമ്പോള്‍ അത് ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെലവ് പോലുമാകില്ല. ഇതു കാരണം ഭൂരിഭാഗം കര്‍ഷകരും റബ്ബര്‍ ടാപ്പ് ചെയ്യാതെ ഒഴിച്ചിട്ടിരിക്കയാണ്. നല്ലൊരു ഭാഗം കര്‍ഷകരും റബ്ബര്‍ വെട്ടി മാറ്റി തെങ്ങിലേക്കും കവുങ്ങിലേക്കും തിരിഞ്ഞിരിക്കയാണ്. കാര്‍ഷിക മേഖലക്ക് കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അതൊന്നും കര്‍ഷകരെ തേടി എത്തുന്നില്ല. പലരും തട്ടിയെടുക്കുകയാണ്. പാവപ്പെട്ട കര്‍ഷകര്‍ ഇതിന്റെ പിറകെ പോകാനൊന്നും സമയമില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ തുകയായ 2000 രൂപ മൂന്നു മാസത്തിലൊരിക്കല്‍ അവരുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം. ഈ തുക നേരിട്ട് അവരുടെ അക്കൗണ്ടിലെത്തിക്കുന്നതിനാല്‍ ഇടനിലക്കാരെയോ കമ്മീഷന്‍ ഏജന്റുമാരെയോ ഭയപ്പെടേണ്ടതില്ല. കൃഷി ഭവനുകള്‍ വഴി സബ്‌സിഡി നിരക്കില്‍ വിത്തും വളങ്ങളുമൊക്കെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അതിലൊക്കെ വലിയ കള്ളക്കളികളാണ് ചില ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഏതെങ്കിലും സ്വകാര്യ കമ്പനികളില്‍ നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ ആണ് വളം എത്തി ക്കുന്നത്. പലേടത്തും ജൈവവളം എന്ന പേരില്‍ ഗുണനിലവാരമില്ലാത്ത വളങ്ങളാണ് നല്‍കുന്നത്. വളം വിതരണ കമ്പനികളുമായി ഉദ്യോഗസ്ഥര്‍ കരാര്‍ ഉണ്ടാക്കുകയും അവരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി ഗുണനിലവാരം കുറഞ്ഞ വളങ്ങള്‍ വിതരണം ചെയ്യുകയാണ്. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് കൃഷിഭവനുകളില്‍ ഇറക്കിയ വളം തിരികെ കൊണ്ടുപോയ അനുഭവം വരെയുണ്ട്. എന്നാല്‍ നല്ല വളം വിതരണം ചെയ്യുന്ന കൃഷി ഭവനുകളും ഉണ്ട്. സര്‍ക്കാറിന്റെ പണം നഷ്ടമാവുന്നതിന് പുറമെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതികള്‍ ഇത് മൂലം പാളിപ്പോവുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യങ്ങള്‍ നില നില്‍ക്കുന്നതിനിടയിലാണ് കര്‍ഷക ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് കര്‍ഷകര്‍ക്ക് വേണ്ടി ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്. പ്രതിമാസം 100 രൂപ തോതില്‍ അംശാദായം അടക്കുന്ന കര്‍ഷകരെയാണ് പദ്ധതിയില്‍ ചേര്‍ക്കുന്നത്. സര്‍ക്കാര്‍ 250 രൂപ വീതവും പ്രതിമാസം ക്ഷേമനിധിയില്‍ നിക്ഷേപിക്കും. 60 വയസ്സാകുമ്പോള്‍ വ്യക്തിഗത പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വിവാഹ പ്രസവ ധനസഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംശാദായം അടക്കുന്നവര്‍ക്കായിരിക്കും സഹായം ലഭിക്കുക. എല്ലാ വിധത്തിലുള്ള കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. ഉദ്യാനകൃഷി, ഔഷധസസ്യകൃഷി, അലങ്കാര മത്സ്യം, കക്കാ തേനീച്ച, പട്ടനൂല്‍പുഴു, കോഴി, താറാവ്, പശു തുടങ്ങി എല്ലാ സംരംഭകര്‍ക്കും പദ്ധതിയില്‍ ചേരാം. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെ ഭൂമി കൈവശമുള്ളതും അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതും മൂന്ന് വര്‍ഷത്തില്‍ കുറയാതെ കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കുമായിരിക്കും പദ്ധതിയില്‍ ചേരാനാവുക. എന്തായാലും കര്‍ഷകരെ സംബന്ധിച്ചടുത്തോളം അവരുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് വരുത്തുന്നതായിരിക്കും ഈ പദ്ധതി. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നല്ലൊരു ടീം ഉണ്ടാവണമെന്ന് മാത്രം.