‘എത്രയും ബഹുമാനപ്പെട്ട എന്റെ
പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാല്‍
ഏറെ പിരിശത്തില്‍ ചൊല്ലിടുന്നു അസ്സലാം…
” അബുദാബിയിലുള്ളൊരു
എഴുത്തുപെട്ടി..
അന്നു തുറന്നപ്പോള്‍ കത്തുകിട്ടി…
എന്‍ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി..
എഴുതിയ കത്ത് ഞാന്‍ കണ്ടു ഞെട്ടി…”
ഇതൊരു പഴയകാല മാപ്പിള കത്ത് പാട്ടിന്റെ വരികളാണെങ്കിലും ആശയവിനിമയത്തിനുള്ള കത്തുകളുടെ പ്രാധാന്യം ഈ വരികള്‍ വിളിച്ചോതുന്നു. സന്ദേശ വിനിമയത്തിന്റെ ചരിത്ര സാക്ഷ്യവുമായി വീണ്ടുമൊരു തപാല്‍ ദിനവും ആഗതമാവുകയാണ്. ഒക്ടോബര്‍ 9 ലോക തപാല്‍ ദിനവും ഒക്ടോബര്‍ 10 ദേശീയ തപാല്‍ ദിനവും.
നമ്മുടെ നാട്ടിലെ തപാല്‍ സംവിധാനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ഇന്ന് കത്തുകള്‍ക്ക് പ്രസക്തി കുറഞ്ഞെങ്കിലും പഴയ പ്രൗഢിയോടെ പുതിയ മാറ്റങ്ങളോടെ തപാല്‍ മേഖല സജീവമായി തന്നെ യുണ്ട് എന്നത് സന്തോഷകരം തന്നെ.
ബ്രിട്ടീഷ് ഭരണകാലത്താണ് തപാല്‍ സേവനം ഇന്ത്യയില്‍ തുടങ്ങിവച്ചത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും വിപുലമായ തപാല്‍ ശൃംഖലയുള്ളത് നമ്മുടെ രാജ്യത്താണ്. 1688 കാലഘട്ടത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും 1837ലാണ് ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് നിലവില്‍ വന്നത്. 1854 ഒക്ടോബര്‍ ഒന്നിന് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസും നിലവില്‍വന്നു. അതേസമയം കത്തുകള്‍ വേഗത്തില്‍ വിലാസക്കാരന് എത്തിക്കുന്ന സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ചത് 1986ലാണ്. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.
രാജ്യത്തിന്റെ 90 ശതമാനത്തോളം തപാല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. സ്വകാര്യമേഖലയില്‍ കൊറിയര്‍ സര്‍വ്വീസുകള്‍ പിടിമുറുക്കുമ്പോള്‍ തപാലാഫീസുകളുടെ ഭാവി സ്ഥിതി ശോചനീയമാക്കിയിരുന്നു. അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ തന്നെ തപാല്‍ മേഖലയില്‍നിന്ന് ഘട്ടം ഘട്ടമായി പിന്മാറുന്നുവെന്ന തോന്നല്‍ പോലും ഉളവാക്കിയിരുന്നു.
പോസ്റ്റോഫീസുകള്‍ ഇന്ന് പരാധീനതകളുടെ നടുവിലാണ്. ഇന്റര്‍നെറ്റും ഈ മെയിലും മൊബൈല്‍ ഫോണും സന്ദേശവാഹക ചരിത്രത്തില്‍ വേഗതയുടെ യുഗം സൃഷ്ടിക്കുമ്പോള്‍ കത്തുകളുടെ കൂമ്പാരകെട്ടുമായി നടന്നുനീങ്ങുന്ന അഞ്ചലോട്ടക്കാരന്‍ (പോസ്റ്റുമാന്‍) അപ്രസക്തനായി മാറുന്നുവെന്നത് സ്വാഭാവികം.
കത്തുകളും മണിയോര്‍ഡറുകളും ടെലിഗ്രാമും മറ്റുമായിരുന്നു പോസ്റ്റ് ഓഫീസുകളുടെ വരുമാനമാര്‍ഗങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണിന്റെ കടന്നുകയറ്റവും കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വരവും തപാല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി. മൊബൈല്‍ഫോണ്‍ സാര്‍വ്വത്രികമായതോടെ ടെലിഗ്രാം ചെയ്യുന്ന പതിവ് ഇല്ലാതെയായി. എ. ടി എം. സംവിധാനം മണിയോര്‍ഡറുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. ആധുനിക സന്ദേശവിനിമയ മാര്‍ഗ്ഗങ്ങള്‍ ഗ്രാമങ്ങളില്‍പോലും എത്തിയതോടെ കത്തുകള്‍ അയക്കുന്ന സംവിധാനത്തിന് ഇടിവ് സംഭവിച്ചു.
ഒരു കാലത്ത് നാടിന്റെ സ്പന്ദനം അറിയാന്‍ പതിനഞ്ചും ഇരുപതും ദിവസം കാത്തിരുന്നു കിട്ടിയിരുന്ന കത്തുകളായിരുന്നു പ്രവാസികള്‍ക്ക് ആശ്രയം. എന്നാലിപ്പോള്‍ കഥമാറി. വിദൂരങ്ങളില്‍ നിന്ന് നേരിട്ട് കണ്ടുകൊണ്ട് സംസാരിക്കാന്‍ തന്നെ സൗകര്യങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ആളുകള്‍ കത്തുകളില്‍ നിന്ന് പിന്മാറുകയായിരുന്നു.
ജന്മദിനം, വിവാഹം, സൗഹൃദ ദിനം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആശംസകള്‍ അറിയിക്കാന്‍ ലോകത്താകമാനം ദിനങ്ങളും ഉത്സവങ്ങളും ഏറെയാണ്. ഈ ആഹ്ലാദ വേളകളില്‍ നമ്മെ തേടിയെത്തിയിരുന്നത് വര്‍ണ്ണകവറിലൊളിപ്പിച്ച ആശംസാ കാര്‍ഡുകളായിരുന്നു. ന്യൂ ജനറേഷന്‍ കാലത്ത് ഇത്തരം ആശംസകള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി ആയപ്പോള്‍ തപാല്‍ മേഖല തീര്‍ത്തും വിസ്മൃതിയിലായി.
സെക്കന്റുകള്‍ക്കുള്ളില്‍ സന്ദേശങ്ങള്‍ പറക്കുമ്പോള്‍ പിന്നെ കത്തുകള്‍ക്കും കാര്‍ഡുകള്‍ക്കും എന്ത് പ്രസക്തി? ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കൂടി സൗഹൃദങ്ങള്‍ക്ക് പുതിയ മാനം കൈവരിക്കുകയും ഒരു മൗസ് ക്ലിക്കിന്റെ വേഗത്തില്‍ ദൂരപരിധി പോലുമില്ലാതെ സന്ദേശങ്ങള്‍ പലരൂപങ്ങളില്‍ പറന്നു തുടങ്ങിയതോടെയുമാണ് പോസ്റ്റോഫീസുകള്‍ അനാഥമായി തീര്‍ന്നത് എന്ന് പറയുന്നതാവും ശരി.
നാട്ടിന്‍പുറത്തെ സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനും അറിയിക്കാനും ഇന്നും ആശ്രയം തപാല്‍ ഓഫീസുകള്‍ തന്നെ എന്നത് നമ്മള്‍ തിരിച്ചറിയണം. തപാലാഫീസുകള്‍ ഇല്ലാതാക്കുന്നതിലൂടെ സംഭവിക്കുന്നത് ജനങ്ങളുടെ ആശയവിനിമയ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നതാണ്. സമൂഹത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പലതരത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇന്ന് തപാല്‍ ഓഫീസ് വഴിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ആധാര്‍കാര്‍ഡ് സംവിധാനം പോസ്റ്റ് ഓഫീസ് വഴിയാണ് ലഭ്യമാക്കിയത്.
ഒന്നര നൂറ്റാണ്ടു കാലത്തെ സേവന പാരമ്പര്യമുള്ള തപാല്‍ മേഖലയെ പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഈയടുത്തകാലത്തായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
മാറിയ കാലത്തെ നൂതന വിദ്യയെയും തപാല്‍ മേഖലയേയും സമന്വയിപ്പിച്ചു ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ച പുതിയ ആശയമായ വെബ്‌സൈറ്റ് ബാങ്കിംഗ് തുടങ്ങാന്‍ തപാല്‍ വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത് ആശ്വാസം നല്‍കുന്നുണ്ട്. നിക്ഷേപം സ്വീകരിക്കല്‍ പണം മറ്റൊരിടത്തേക്ക് അയക്കല്‍, ബാങ്കിംഗ് തുടങ്ങിയ സേവനങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നിരവധി പദ്ധതികളുമായി തപാല്‍ മേഖല മുന്നോട്ടു വരികയാണ്. എല്‍.ഐ.സി പോളിസിക്ക് പിന്നാലെ പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള സുകന്യ സമൃദ്ധി യോജന,100 രൂപയുടെ ഡിജിറ്റല്‍ അക്കൗണ്ട് പദ്ധതിയെല്ലാം തപാല്‍ മേഖലയ്ക്ക് ഉണര്‍വേകും എന്ന കാര്യത്തില്‍ സംശയമില്ല.