തലക്കെട്ട് കാണുമ്പോള്‍ ഇതൊരു ആക്ഷേപ ഹാസ്യമായിരിക്കുമെന്ന് തോന്നിയേക്കാം. പക്ഷെ, അല്ല. കാര്യങ്ങള്‍ തന്നെയാണെന്ന് വായനയില്‍ മനസ്സിലാകും. അടുത്ത കാലത്തായി കര്‍ക്കിടകം പിറക്കുമ്പോള്‍ ചിലര്‍ കഞ്ഞിയെക്കുറിച്ച് ഓര്‍ക്കുന്നു. ആരോഗ്യ സംരക്ഷണ മാസം കര്‍ക്കിടകമായതിനാലാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഇങ്ങനെയെങ്കിലും കഞ്ഞിയെക്കുറിച്ച് ഓര്‍ക്കുന്നത് നല്ല കാര്യം.
ആറേഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളിയുടെ ഭക്ഷണത്തില്‍ ഒന്നാമനായിരുന്നു കഞ്ഞി. എന്നു മുതലോ പാരമ്പര്യമായി കൈമാറി വന്ന ഒരു ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കാം. കഞ്ഞിയുടെ മഹത്വം ധന്വന്തരിയുടെ കാലത്ത് തന്നെ പ്രതിപാദിക്കുന്നുണ്ട്. പഞ്ചകര്‍മ്മ ചികിത്സയില്‍ പേയാദിക്രമം എന്ന ചികിത്സാ മാര്‍ഗനിര്‍ദ്ദേശമുണ്ട്. ‘പേയ്’എന്നാല്‍ കഞ്ഞി എന്നാണര്‍ത്ഥം. ശരീരത്തിന്റെ ദഹന ആഗിരണ ശക്തിക്കനുസരിച്ച് ലഘു ആഹാരത്തില്‍ നിന്നും വേണം ക്രമേണ മൂര്‍ത്തമായ ആഹാരത്തിലേക്കെത്താന്‍. ഇത്തരത്തിലുള്ള ഒരു ലഘു ആഹാരമാണ് കഞ്ഞി. ക്ഷണിച്ചിരിക്കുന്നവരോടും പനിയും വയറിളക്കവും പിടികൂടിയവരോടും ആധുനിക വൈദ്യശാസ്ത്രം പറയുന്നതും നന്നായി ഉപ്പിട്ട കഞ്ഞിവെള്ളം (പേയ) കുടിക്കാനാണ്. കഞ്ഞി അഗ്നിയെ ജ്വലിപ്പിക്കുകയും ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളുടെ ചലനക്രമം നേര്‍ദിശയിലാക്കുകയും സ്വേദന ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ആയുര്‍വേദ ശാസ്ത്രം പറയുന്നതായി പറയപ്പെടുന്നു.
കൂടുതല്‍ വറ്റ് ചേര്‍ത്ത് സമാന അളവില്‍ വെള്ളവുമടങ്ങുന്ന അരിയാഹാരമാണ് കഞ്ഞി. ഇതിനെ ‘വിലേപി’ എന്ന് ആയുര്‍വേദം പറയുന്നതായറിയുന്നു. ഹൃദ്രോഗമുള്ളവരും ആമാശയ, മലശോദന പ്രശ്‌നമുള്ളവര്‍ക്കും വിലേപി ഉത്തമമാണത്രെ. കഞ്ഞിയുടെ ഔഷധ ഗുണത്തെക്കുറിച്ച് ഏറെ പറയാനുണ്ട്. കഞ്ഞികള്‍ പലതരമുണ്ട്.
കീഴാളത്തെ ഒരു പ്രധാന കഞ്ഞിയാണ് ‘കാടിക്കഞ്ഞി’. പട്ടിണിയുടെ പ്രതീകമായാണ് കാടിക്കഞ്ഞി അറിയപ്പെടുന്നത്. ആരോഗ്യരക്ഷക്ക് ഇത് പ്രചോദനമായിരുന്നു. പാവങ്ങളുടെ ഔഷധക്കഞ്ഞി എന്നു വേണം ഇതിനെ പറയാന്‍. തവിടു കലര്‍ന്ന അരി കഴുകിക്കിട്ടുമ്പോഴുള്ള കാടിവെള്ളം, മണ്‍കലത്തില്‍ ഒഴിച്ചുവെക്കും. രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ പുളിക്കും. ഇതിന്റെ തെളിയെടുത്ത് അടിയിലെ കൊഴുത്ത ഭാഗം നറുക്കരിയിട്ട് വേവിച്ച് പായസപ്പരുവത്തിലാക്കി കഴിക്കും. രാത്രിവെച്ച് രാവിലെ തണുത്ത് കഴിക്കുന്ന രീതിയുമുണ്ട്. വൈറ്റമിന്‍ ബി. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു.
നാട്ടില്‍ നടപ്പുണ്ടായിരുന്ന മറ്റൊരു കഞ്ഞിയാണ് ‘ആചാരക്കഞ്ഞി’. അതും കീഴാളരെ കേന്ദ്രീകരിച്ചുള്ളതാണ്. വടക്കേ മലബാറിലെ കാവുകളില്‍ തെയ്യം കെട്ടുന്ന ഇടങ്ങളില്‍ ‘കായക്കഞ്ഞി’ ഉണ്ടായിരുന്നു. ഭഗവതിക്കാവുകളില്‍ മേലേരി തീക്കുണ്ഡം ഒരുക്കുന്നത് ആചാരപ്രകാരം തിയ്യസമുദായക്കാരാണ്. മേലേരിക്കു വേണ്ട വിറക് ഒരുക്കിയ ശേഷം ക്ഷീണമകറ്റാന്‍ കഞ്ഞിയും പുഴുക്കും ചേര്‍ത്ത് കഴിക്കും. ഇതിനെയാണ് കായക്കഞ്ഞി എന്ന് പറയുന്നത്. കായം-ശരീരം-ഉയര്‍ന്ന ജാതിക്കാര്‍ ഇത് കഴിക്കില്ല. അയിത്തം കല്‍പ്പിച്ച് മാറി നില്‍ക്കുമായിരുന്നു.
പാവപ്പെട്ട കീഴാളരുടെ കുടിലുകളിലെ മറ്റൊരു കഞ്ഞിയാണ് ‘പട്ടിണിക്കഞ്ഞി’. മരണം നടന്ന വീടുകളില്‍ ചിത ഒരുക്കിയ ശേഷം ശ്മശാനത്തില്‍ സഹായികള്‍ക്കൊപ്പം വീട്ടുകാര്‍ക്കും ഒരുക്കുന്ന കഞ്ഞിയാണ് പട്ടിണിക്കഞ്ഞി. ശാപവാക്കായി പട്ടിണിക്കഞ്ഞി എന്ന ചൊല്ലുപോലും നിലനിന്നിരുന്നതായി പറയപ്പെടുന്നുണ്ട്.
മേലാളന്റെ കഞ്ഞിയാണ് ‘ധര്‍മ്മക്കഞ്ഞി’ കീഴാളര്‍ക്കും നാട്ടുകാര്‍ക്കും ദാനധര്‍മ്മ വിശ്വാസികളായ ചിലര്‍ പട്ടിണിയും വിശപ്പും മാറ്റാന്‍ കഞ്ഞി വെച്ച് ധര്‍മ്മം കൊടുക്കുന്ന കഞ്ഞിയാണ് ധര്‍മ്മക്കഞ്ഞി. പൊതു ഇടങ്ങളിലാണ് ഇത് പാകം ചെയ്യുക. നാട്ടുകാരോടൊക്കെ വിളിച്ചു പറയും ആളുകള്‍ കഴിക്കാനുള്ള പാത്രങ്ങളുമായി വന്ന് കഞ്ഞി വാങ്ങി അവിടെ വെച്ച് തന്നെ കഴിക്കും.
അരിയും പയറും തേങ്ങയും ഉപ്പും ചേര്‍ത്ത് പായസപ്പരുവത്തിലായിരിക്കും ഈ ധര്‍മ്മക്കഞ്ഞി.
കര്‍ക്കിടകമാസത്തില്‍ വരും കാല ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിക്കഴിക്കുന്ന കഞ്ഞിയാണ് ‘കര്‍ക്കിടകക്കഞ്ഞി’. കര്‍ക്കിടകം ഏഴുമുതല്‍ പതിനഞ്ചാം നാള്‍ വരെ ഇത് കഴിക്കും,
അരിയും വിവിധ ധാന്യങ്ങളും പയര്‍വര്‍ഗവും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ‘നവധാന്യക്കഞ്ഞി’. ഇതൊരു ഔഷധക്കഞ്ഞി കൂടിയാണ്. അരി, ഉഴുന്ന്, മുതിര, കടല, വന്‍പയര്‍, ചെറുപയര്‍, ചാമ, കടുക്, ജീരകം എന്നീ ഒമ്പത് ഇനങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ ഈ കഞ്ഞി വാതരോഗം അകറ്റാനും പ്രതിരോധിക്കാനും ഉത്തമമാണത്രെ. പ്രമേഹ രോഗികള്‍ക്കുള്ളതാണ് ‘ഉലുവക്കഞ്ഞി’.
നവര, അരിയും ഉലുവയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞി ഉഷ്ണരോഗ ശമനത്തിനും നല്ലതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കേ മലബാറിലെ കളരി അഭ്യാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതായിരുന്നു ‘നെയ്ക്കഞ്ഞി’. ഞവര അരികൊണ്ട് കഞ്ഞി വെച്ച് ഒന്നോ രണ്ടോ സ്പൂണ്‍ പശുവിന്‍ നെയ് ചേര്‍ത്ത് ചൂടോടെ കഴിക്കുന്നതാണ് നെയ്ക്കഞ്ഞി. പടയാളിക്കുറുപ്പന്മാര്‍ ഇത് സാധാരണ കഴിക്കാറുണ്ട്. തച്ചോളിപ്പാട്ടില്‍ ഇത് പറയുന്നത് ഇങ്ങനെ.
‘തെക്കന്‍ വളര്‍പട്ട പൊന്‍ തളിക
പൊന്നിന്‍ തളികപ്പുറം മിനുക്കി
പൂപോലെ നാഴിയരി കഞ്ഞി വിളമ്പി
പൊന്‍പോലെ നാല് കറി വിളമ്പി
കഞ്ഞികുടിച്ചോപ്പ, കുഞ്ഞിക്കോമ’