ബ്രിസ്‌ബെയ്ന്‍: കറന്‍സികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്.
ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സി.എസ്.ഐ.ആര്‍.ഒ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപകമായി പടരുകയും പലരുടെയും രോഗഉറവിടം ലഭ്യമല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൂടുതല്‍ ആശങ്ക പരത്തുന്നുണ്ട്. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നില്‍ക്കാന്‍ കഴിയും എന്നറിയുന്നതിന് സി.എസ്.ഐ.ആര്‍.ഒയിലെ ഗവേഷകര്‍ ഇരുട്ടില്‍ മൂന്ന് താപ നിലകളിലാണ് പരീക്ഷണം നടത്തിയത്.
ചൂടു കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നു. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്ക്, കറന്‍സികള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രിസെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നില്‍ക്കും.
30 ഡിഗ്രിസെല്‍ഷ്യസില്‍ എത്തുന്നതോടെ വൈറസിന്റെ അതിജീവനം 7 ദിവസമായി കുറയും. ഈ വസ്തുക്കളെ അശ്രദ്ധയോടെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ മൂക്കിലോ വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആസ്‌ട്രേലിയയിലെ സി.എഫ്.ഡി.പി. ഡയറക്ടര്‍ ട്രെവര്‍ ഡ്രു പറഞ്ഞു.