മരണ വാര്‍ത്ത ഇപ്പോള്‍ ലൈവായി കേട്ടുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായ നിരവധി പേര്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കകം മരണത്തിന്റെ നിത്യതയിലേക്ക് കടന്നുപോയപ്പോള്‍ ഹൃദയം മൂകമാകുന്നു.
സഹൃദയനായ എ.കെ. കുഞ്ഞാലിക്കയെ പറ്റി രണ്ടുവാക്കുകള്‍ ഇവിടെ കുറിക്കാതിരിക്കാന്‍ ആവുന്നില്ല.
ഇടപഴകിയവരുടെ ഹൃദയങ്ങളിലെല്ലാം നന്മയുടെ സൗരഭ്യം അവശേഷിച്ചുകൊണ്ടു യാത്ര പിരിഞ്ഞ എ.കെ. കുഞ്ഞാലിക്ക കാസര്‍കോടും കണ്ണൂരുമായി ജീവിച്ചു തീര്‍ത്ത ധന്യമായ ഒരു ജീവിതത്തിനുടമയായിരുന്നു.
ഒരാളോടും വെറുപ്പോ വിദ്വേഷമോ പകയോ മനസില്‍ സൂക്ഷിക്കാതെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ആ ജീവിതം തന്റെ വെണ്‍മയാര്‍ന്ന ശരീരം പോലെ തന്നെ ഹൃദയവും വെണ്‍മയാര്‍ന്നതായിരുന്നു.
പുതിയ തലമുറയെ പോലെ വായില്‍ വെള്ളിക്കരണ്ടിയുമായിട്ടല്ല കുഞ്ഞാലിക്കയുടെ ജീവിതാരംഭം. അടുക്കത്ത് ബയലിലെ പുരാതന കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം പടിപടിയായുള്ള പരിശ്രമത്തിലൂടെ കണ്ണൂരില്‍ ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുക്കുകയായിരുന്നു.
ചക്രം ചവിട്ടിയും വെള്ളം കോരിയും ജലസേചനം നടത്തിയിരുന്ന ആ പഴയകാലം ഓര്‍ത്തെടുക്കാന്‍ പോലും ഇന്ന് പഴമക്കാര്‍ അധികമുണ്ടാവില്ല. അപ്പോഴാണ് പ്രശസ്തരായ കിര്‍ലോസ്‌കര്‍ കമ്പനി മണ്ണെണ്ണ, ഡീസല്‍ പമ്പുസെറ്റുകളുമായി രംഗത്തുവന്നത്.
തന്റെ സഹോദരങ്ങളായ എ.കെ. മുഹമ്മദ്, എ.കെ. അബ്ദുല്ല, എന്നിവരുടെ സിലോണില്‍ നിന്നുള്ള തിരിച്ചുവരവും കുഞ്ഞാലിക്കയുടെ ജീവിത പാതയില്‍ ഒരു മാറ്റത്തിന്റെ നാന്ദി കുറിച്ചു.
1967ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ‘കിര്‍ലോസ്‌കര്‍’ ഡീലര്‍മാരുമായി എ.കെ. ബ്രദേര്‍സ് എന്ന സ്ഥാപനം കാസര്‍കോട്ടു തുടക്കമിട്ടു.
സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞു നില്‍ക്കുന്ന കുഞ്ഞാലിക്ക ജ്യേഷ്ഠ സഹോദരങ്ങളുമൊത്ത് ബിസിനസില്‍ വ്യാപൃതനായി. 1984ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ചു കാസര്‍കോട് ജില്ല രൂപീകൃതമായി.
രണ്ടു ജില്ലകള്‍ക്കുമുള്ള പമ്പ് വിതരണക്കാരനായി കിര്‍ലോസ്‌കര്‍ കമ്പനി എ.കെ. ബ്രദേര്‍സിനെ നിയമിച്ചു. കണ്ണൂരിലെ സാരഥ്യം ഏറ്റെടുക്കാന്‍ കുഞ്ഞാലിക്ക മുന്നോട്ടു വന്നു. പിന്നെയുള്ള ഗമനം ധൃതഗതിയില്‍ ആയിരുന്നു. ജ്യേഷ്ഠ സഹോദരങ്ങളോടുള്ള പരസ്പര ബഹുമാനവും അനുസരണയും ഇതിന് നിമിത്തമായി. അതിനിടെ കുഞ്ഞാലിക്ക പല പുതിയ സംരംഭങ്ങള്‍ക്കും തുടക്കമിട്ടു. അവസാന നാളില്‍ ഉദ്ഘാടനത്തിന് നാളുകുറിച്ച ഇരിട്ടിയിലെ ഷോപ്പും അതിലൊന്നായിരുന്നു.
ക്യാഷ് കൗണ്ടറില്‍ കൈകാല്‍ മുളച്ച വെറുമൊരു കച്ചവടക്കാരനായിരുന്നില്ല കുഞ്ഞാലിക്ക. യൗവ്വനനാളില്‍ കലാ കായിക രംഗങ്ങളില്‍ ഉല്‍സുകനായിരുന്നു. കടയില്‍ എത്ര തിരക്കുണ്ടായാലും വൈകിട്ട് 4 മണിക്ക് അടുക്കത്ത് ബയലിലെ സൗഹൃദ കൂട്ടായ്മയുമൊത്ത് വോളിബോള്‍ കളിക്കുക പതിവായിരുന്നു. ഇടക്കിടെ കണ്ണൂരില്‍ നിന്നും വന്നു പഴയ കൂട്ടുകാരേയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കണ്ണൂരിലെത്തിയിട്ടും ജീവിതത്തിന്റെ നാനാ തുറകളിലുള്ള ഒരു വലിയ സൗഹൃദ കൂട്ടായ്മ വ്യാപാരത്തോടൊപ്പം അദ്ദേഹം കെട്ടിപ്പടുത്തു. കണ്ണൂര്‍ താണയിലെ റസിഡന്‍സ് അസോസിയേഷന്റെ ഭാഗമായി കലാപരിപാടികളും കായിക വിനോദങ്ങളും സംഘടിപ്പിക്കാന്‍ ഊര്‍ജ്ജസ്വലനായി കുഞ്ഞാലിക്ക മുന്നില്‍ നിന്നു.
വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ സൗഹൃദം സ്ഥാപിക്കാനും തമാശകള്‍ പറഞ്ഞും സഹ ജീവികളുമായി ഇടപെടാനും അദ്ദേഹം തയ്യാറായി. പല സംരംഭങ്ങള്‍ക്കും കയ്യയച്ചു സഹായിക്കുമായിരുന്നു. ദാനധര്‍മ്മങ്ങള്‍ നല്‍കി പലരുടെയും കണ്ണീരൊപ്പുമായിരുന്ന പരേതന്‍…
കെ.എം. അഹ്മദ് മാഷുമായി വലിയ സൗഹൃദത്തിലായിരന്നു കുഞ്ഞാലിക്ക. ‘ഉത്തരദേശ’ ത്തിലൂടെ സ്വന്തം നാടുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു. ആഴ്ചയിലൊരിക്കല്‍ ഒന്നിച്ചു തപാലില്‍ വരുന്നതിനാല്‍ പത്രം എല്ലാം വായിച്ചു തീര്‍ക്കാന്‍ കഴിയുന്നില്ല എന്നദ്ദേഹം പരിഭവിച്ചിരുന്നു. ചിലര്‍ അങ്ങനെയാണ്, ലോകത്തെവിടെയായാലും കാസര്‍കേടിന്റെ നന്മ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍. കുഞ്ഞാലിക്ക നാട്ടില്‍ നിന്ന് മാറി നിന്നത് നാട്ടുകാര്‍ക്ക് ഒരു നഷ്ടം തന്നെയായിരുന്നു.
അച്ചടക്കവും കൃത്യനിഷ്ഠയും ജീവിതത്തില്‍ മാതൃകയാക്കിയ കുഞ്ഞാലിക്ക എന്നും ഞങ്ങള്‍, ബന്ധുക്കള്‍ക്ക് ഒരു റോള്‍മോഡലായിരുന്നു.
തന്റെ മക്കളേയും അച്ചടക്കത്തോടെ വളര്‍ത്തി നല്ല നിലയില്‍ കൂടെ കൊണ്ടുനടന്ന കുഞ്ഞാലിക്ക, തുടങ്ങിവെച്ച സംരംഭങ്ങള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ബാറ്റണ്‍ കൈമാറാന്‍ ജവാഹറിനെയും ജീഷാനേയും അദ്ദേഹം പ്രാപ്തരാക്കി…
എന്തോ ഒരു നഷ്ടബോധം മനസിനെ അലട്ടുന്നു. എ.കെ. ബ്രദേര്‍സിന്റെ ജനകീയ മുഖം നഷ്ടപ്പെട്ട വൃഥയും! എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കാതെ തരമില്ല എന്ന് സമാധാനിക്കുമ്പോഴും വെറുതെ ഒരു ആധി മനസിനെ നോവിക്കുന്നു.
പരേതാത്മാവിന്റെ പരലോക ജീവിതവും ധന്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സന്മനസുള്ളവര്‍ക്ക് എന്നും സമാധാനം എന്നാണല്ലോ പ്രമാണം.