നാളിതുവരെ ഒക്ടോബര്‍ 13 നമ്മുടെ മനസ്സില്‍ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു. എന്നാല്‍ ഇന്ന് നാം അത്യാവശ്യം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി കോവിഡ് മഹാമാരിയുടേയും ചുഴലികാറ്റിന്റേയും പേമാരിയുടേയും ഉരുള്‍പൊട്ടലിന്റേയും സവിശേഷ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 13 മാറിയിരിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബര്‍ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് ലോക മന:സാക്ഷിയെ ഉണര്‍ത്തുന്നതിനായാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്.
എന്താണ് ദുരന്തം?
അതിവേഗത്തില്‍ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതി ദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും സാമ്യമില്ലായ്മയും വേഗതയും ശീഘ്രതയും അനിശ്ചിതത്വവും ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം. ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളും
പേരില്‍ സൂചിപ്പിക്കും പോലെ പ്രകൃത്യാലുണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണവ. എന്നാല്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാര്‍ത്തി മൂലം നാം ക്ഷണിച്ചു വരുത്തുന്നവയാണ്.
ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തങ്ങളെ പ്രധാനമായും ആറായി തരം തിരിക്കാം.
1. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ഉണ്ടാകുന്നത്.
ഭൂകമ്പം, സുനാമി, അഗ്‌നിപര്‍വ്വത സ്‌ഫോടനം, മണ്ണിടിച്ചില്‍, മലയിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്.
2.കാലാവസ്ഥാപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം, വരള്‍ച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
3. ജലജന്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
വെളളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, അണകെട്ടുകള്‍ തകരുന്നത്, തീര അപരദനം തുടങ്ങിയ ദുരന്തങ്ങള്‍ ജലജന്യ സൃഷ്ടിയാണ്.
4. രാസദുരന്തങ്ങള്‍
വിഷവാതകങ്ങള്‍ ചോരുന്നത്, രാസമാലിന്യങ്ങള്‍ ശുദ്ധജല സ്രോതസ്സുകളില്‍ കലരുന്നത്, ആണവ ഇന്ധന ചോര്‍ച്ച, രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് എന്നി മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്.
5. ജൈവ ദുരന്തങ്ങള്‍
പകര്‍ച്ചാവ്യാധികള്‍, ജൈവായുധങ്ങളുടെ പ്രയോഗം എന്നിവ ഈ ഗണത്തില്‍പ്പെടുന്നു
6. ടെക്‌നോളജിക്കല്‍ ആയ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
റോഡ്, റെയില്‍, ജല, വായു ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാഹന ദുരന്തങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവ തകരുന്നത്, അഗ്‌നിബാധ തുടങ്ങിയ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഇതിനുദാഹരണമാണ്. ഇതിനു പുറമേ യുദ്ധം, കലാപം എന്നിവയും മനുഷ്യന്റെ അഹങ്കാരത്താല്‍ സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളാണ്. ഇത്തരം ദുരന്തങ്ങളില്‍ പലതും നമ്മെ സംബന്ധിച്ച് അടുത്ത കാലം വരെ ഗൗരവ തരമായിരുന്നില്ല. എന്നാല്‍ ഇന്ന് പ്രകൃത്യാലുളളതും മനുഷ്യനിര്‍മ്മിതവുമായ നിരവധി ദുരന്തങ്ങളാണ് ഈയടുത്തകാലത്തായി ലോകമാസകലം അരങ്ങേറുന്നത്. നമ്മുടെ കൊച്ചു കേരളവും ഇന്നിതില്‍ നിന്നു മുക്തമല്ല. 2004ലെ സുനാമി കേരളക്കരയില്‍ വിതച്ച നാശം നാം മറന്നിട്ടില്ല. 2017ല്‍ കേരള തീരത്ത് വീശിയടിച്ച ‘ഓഖി ‘ ചുഴലിക്കാറ്റിന്റെ മുറിവുണങ്ങും മുമ്പാണ് 2018ലും 2019ലും പ്രളയ ദുരന്തമായി പേമാരി പെയ്തിറങ്ങിയത്. ഈ വര്‍ഷമാണെങ്കില്‍ ഉരുള്‍ പൊട്ടലിന്റെ രൂപത്തിലാണ് ദുരന്തം ഇടുക്കിയിലെ രാജമലക്കടുത്തുള്ള പെട്ടി മുടിയില്‍ ഭീകര താണ്ഡവമാടിയത്. അതിതീവ്രമായ മഴയും മലയോര മേഖലകളിലുണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണ് മലയിടിച്ചിലും വെളളപ്പൊക്കവും നമ്മുടെ നാട്ടിലും നിത്യസംഭവമായിരിക്കുന്നു. വയനാട്ടിലെ പുത്തൂര്‍ മലയും മലപ്പുറത്തെ കവളപ്പാറയും നല്‍കിയനടുക്കുന്ന ഓര്‍മ്മകള്‍ വിസ്മൃതിയിലാകും മുമ്പ് നടന്ന പെട്ടിമുടി ദുരന്തം നമ്മെ നൊമ്പരപ്പെടുത്തുന്നു.
മലവെള്ള കുത്തൊഴുക്കില്‍ മണ്ണിനടിയില്‍പ്പെട്ടവരില്‍ ചിലരുടെ മൃതദേഹം പോലും ലഭിക്കാത്ത വിധം ഭീകരമായിരുന്നു അത്. ജീവനും സ്വത്തിനും വലിയ തോതില്‍ ആഘാതമേല്‍പ്പിച്ചാണ് ഇപ്രാവശ്യവും മഴക്കാല ദിനങ്ങള്‍ കടന്നു പോയത്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ലോകത്താകെയും പലതരം പ്രകൃതി ദുരന്തങ്ങള്‍ ഈക്കാലായളവില്‍ വലിയ ഭീഷണി ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ 2020ല്‍ ലോകമന:സാക്ഷിയെ ഞെട്ടിച്ചത് കൊറോണ കുഞ്ഞന്‍ വൈറസ് ലോകത്താകെ പടര്‍ത്തിയ ജൈവ ദുരന്തമായ കോവിഡ് -19 പകര്‍ച്ചവ്യാധിയാണ്. ലോകത്താകെ മൂന്നേമുക്കാല്‍ കോടിയോളമാളുകള്‍ രോഗബാധിതരായി കഴിഞ്ഞു. പത്തേമുക്കാല്‍ലക്ഷത്തിനടുത്ത് ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രോഗ നിരക്കിലും മരണനിരക്കിലും വേണ്ടത്ര കുറവു വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല. 70 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. രോഗവ്യാപനതോത് ഇനിയും കുറഞ്ഞിട്ടില്ല. സംസ്ഥാനത്തിനകത്തെ പൊതുമേഖലയിലുള്ള കരുത്തുറ്റ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ മരണനിരക്ക് കുറക്കുന്നതില്‍ ഒരു പരിധി വരെ സഹായകമായിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങളുടെ ഫലപ്രദമായ വിനിയോഗം തടസ്സപ്പെടുത്തും വിധമുള്ള ആള്‍കൂട്ട സമരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ നിരന്തരമുണ്ടായതാണ് രോഗവ്യാപന തോത് കുറയാതെ പോകാന്‍ കാരണമെന്നതും നാം കാണാതിരുന്നു കൂടാ. രണ്ടേമുക്കാല്‍ ലക്ഷം രോഗബാധിതരില്‍ ആയിരത്തിനടുത്ത് ആളുകള്‍ ഇവിടേയും മരണത്തിന് കീഴടങ്ങിയെന്നത് ദു:ഖകരമാണ്.
പ്രകൃതി ദുരന്ത നിവാരണ സംവിധാനങ്ങള്‍ സംബന്ധിച്ച് ഇത്തരുണത്തില്‍ നാം ഒന്ന് വിലയിരുത്തി പോകുന്നത് നന്നായിരിക്കും. പ്രകൃതിപരമോ മനുഷ്യനിര്‍മ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുളള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ആണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ദുരന്തം വരാതെ നോക്കുക, വരുമെന്നുറപ്പുളള ദുരന്തത്തെ നേരിടാനുളള നടപടികള്‍ സ്വീകരിക്കുക, ദുരന്തത്തിന് ശേഷമുളള രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവ. ദുരന്തനിവാരണത്തില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങള്‍ ആണുളളത്.
1. ദുരന്തത്തിന് മുമ്പുളള ഘട്ടം
ഈ ഘട്ടത്തില്‍ പ്രധാനമായും നാം അപകട സാധ്യതകളെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. വള്‍ണറബിലിറ്റികുറക്കലും തയ്യാറെടുപ്പും നിയമനിര്‍മ്മാണം, ബോധവല്‍ക്കരണം, ബഡ്ജറ്റിംഗ്, മോക് ഡ്രില്‍ എന്നിവ ഈ ഘട്ടത്തില്‍ വരുന്നു.
2. ദുരന്ത സമയത്തുളള ഘട്ടം
പെട്ടെന്നുളള രക്ഷാപ്രവര്‍ത്തനം, മുന്നറിയിപ്പ്, ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കല്‍, വൈദ്യസഹായം, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങല്‍ എന്നിവ ഈ ഘട്ടത്തിലാണ്.
3.ദുരന്തത്തിന് ശേഷമുളള ഘട്ടം
പുനരധിവാസം, പുനര്‍നിര്‍മ്മാണം, തുടര്‍ ചികിത്സാ, ധനസഹായം എന്നിവയാണ് പ്രധാനമായും ഈ ഘട്ടത്തില്‍ വരിക.
രാജ്യത്തിന് അകത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ സുശക്തമായ ഒരു നിയമ നിര്‍മ്മാണം 2005 മുതല്‍ രാജ്യത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.
2005 ലെ ദേശീയ ദുരന്തനിവാരണ ആക്ട് പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ സമിതിയും, മുഖ്യമന്ത്രി ചെയര്‍മാനായി സംസ്ഥാന ദുരന്തനിവാരണ സമിതിയും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഉള്‍കൊളളുന്ന ജില്ലാ ദുരന്തനിവാരണ സമിതിയും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ തരം ദുരന്തങ്ങള്‍ നേരിടാനുളള ചുമതല നോഡല്‍ വകുപ്പുകള്‍ക്ക് വിഭജിച്ചു നല്‍കിയിട്ടുമുണ്ട്. നിയമപ്രകാരം എല്ലാ തലങ്ങളിലും ഒരു ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാകേണ്ടതുണ്ട്. ദുരന്തകാര്യങ്ങള്‍ യഥാസമയം മനസ്സിലാക്കുന്നതിനാവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളും ഉദ്യോഗസ്ഥ വൃന്ദവും രാജ്യത്തുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമം 35 (2) വകുപ്പു പ്രകാരം ദുരന്ത സമയത്ത് എല്ലാ വിധത്തിലും ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. അതുപോലെ 8.7.3ഖണ്ഡിക പ്രകാരം ദുരന്തമേഖലയെ സഹായിക്കാന്‍ പുറം സഹായം ഉള്‍പ്പെടെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലുണ്ട്. നിയമം ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതില്‍ പോരായ്മകള്‍ സംഭവിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് നന്നാവും. മണ്ണും വിണ്ണും കടലും കായലും കാടും കാട്ടാറും വിറ്റു കാശാക്കാനുളള ആര്‍ത്തി മൂത്ത മനുഷ്യന്റെ വെമ്പല്‍ നമ്മുടെ കാലാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുന്നു. പ്രളയാനന്തരം നദികള്‍ വറ്റിവരളുന്നു. കൊടും വരള്‍ച്ച നമ്മെ ഉറ്റുനോക്കുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടെ നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ മൂലം അസ്ഥിരപ്രദേശങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ 85% ഭൂപ്രദേശങ്ങളും പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഡംബരത്വരയില്‍ നാം പുറന്തളളുന്ന ഹരിത ഗ്രഹ വാതകങ്ങള്‍ ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ആക്കം കൂട്ടുന്നു. മഞ്ഞുമലകളുടെനാശത്തിനും നിമിഷ പ്രളയത്തിനും സമുദ്ര ജലവിതാനം ഉയരാനും ഇത് കാരണമാകുന്നു.
2013ലെ ഉത്തരാഖണ്ഡ് പ്രളയം, 2014 ലെ ജമ്മൂ കാശ്മീര്‍ പ്രളയം, കഴിഞ്ഞ 3വര്‍ഷങ്ങളില്‍ കേരള ത്തില്‍ ഉണ്ടായ ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം നാം പാഠം പഠിക്കാന്‍ തയ്യാറാകണം. പ്രകൃതിയോട് മനുഷ്യന്‍ കാട്ടിയ ക്രൂരതക്ക് പ്രകൃതി നല്‍കിയ മറുപടിയായി നമുക്ക് ഈ ദുരന്തങ്ങളെ കാണാന്‍ കഴിയണം. പ്രളയാനന്തര പുനരധിവാസവും പുനര്‍നിര്‍മ്മാണവും പുരോഗമിക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ, പരിസ്ഥിതി ലോല മേഖലകളെ സംരക്ഷിച്ചു കൊണ്ടുളള ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത, സുസ്ഥിര വികസന കാഴ്ചപ്പാട് ഉണ്ടാകുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. ഇനിയൊരു ദുരന്തത്തിന് നമ്മെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തവിധമുളള പുനര്‍നിര്‍മ്മാണം നടത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കാം.
(ജി.എച്ച്.എസ്.എസ്. ബേത്തൂര്‍പ്പാറ
ജിയോളജി അധ്യാപകനാണ് ലേഖകന്‍)