കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റ് ഭയന്ന് എം ശിവശങ്കരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന പ്രചാരണത്തിനിടെയാണ് ശിവശങ്കരന്‍ ഇത്തരമൊരു നീക്കം നടത്തിയത്.
കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകന്‍ എസ്. രാജീവിനെ സമീപിച്ച് നിയമോപദേശം തേടിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസില്‍ ശിവശങ്കറിന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഹാജരാകാന്‍ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്.
കസ്റ്റംസ് അന്വേഷണ സംഘവും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തയാറെടുക്കുകയാണ്. ഇനി ഒരിക്കല്‍ കൂടി വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നില്ലെന്ന നിലപാടായിരുന്നു ശിവശങ്കരന്‍ നേരത്തെ സ്വീകരിച്ചിരുന്നത്. ഇതിനു മുമ്പ് എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇതേ അഭിഭാഷകനെ തന്നെ കാണാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയിരുന്നു.
കസ്റ്റംസ് ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വന്നാല്‍ മതി എന്ന് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തെളിവു ശേഖരണത്തിനു വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നീട്ടി വെച്ചത്.
M Sivasankar appear before high court for anticipatory bail