കാഞ്ഞങ്ങാട്: മലയോരത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒടയംചാല്‍-ഭീമനടി മേജര്‍ റോഡിന്റെ നവീകരണം തുടങ്ങി. പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ തന്നെ നടന്നെങ്കിലും കൊവിഡ് പ്രതിസന്ധി നിര്‍മ്മാണ പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസമുണ്ടാക്കി. കഴിഞ്ഞ ദിവസമാണ് ജോലി തുടങ്ങിയത്. മേജര്‍ റോഡില്‍ രണ്ട് സ്ഥലങ്ങളിലാണ് റോഡ് നവീകരണം നടക്കുന്നത്. ഒടയംചാല്‍ മുതല്‍ എടത്തോട് വരെയുള്ള ആറര കിലോമീറ്ററും വെള്ളരിക്കുണ്ടില്‍ നിന്നും ഭീമനടി വരെയുള്ള അഞ്ചര കിലോമീറ്ററുമാണ് നവീകരിക്കുന്നത്.
എടത്തോട് മുതല്‍ വെള്ളരിക്കുണ്ട് വരെയുള്ള റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്കാഡം ടാറിട്ട് നവീകരിച്ചിരുന്നു. 21 കോടി രൂപ ചെലവില്‍ അഞ്ചര മീറ്റര്‍ വീതിയിലായിരിക്കും ടാറിടുക. ഒടയംചാല്‍ മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ വീതി കുറഞ്ഞ ചെറുപാലത്തിനു പകരം പുതിയപാലവും ഏഴ് പൈപ്പ് കലുങ്കുകളടക്കം 17 പുതിയ കലുങ്കുകളും ഓവുചാലും നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും. 12 കിലോമീറ്റര്‍ ഭാഗത്തെ നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും ജില്ലാ അതിര്‍ത്തിയായ ചെറുപുഴ, മലയോരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ചിറ്റാരിക്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും.
റോഡ് പണി തുടങ്ങുന്നതോടെ ഈ ഭാഗങ്ങളിലൂടെയുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി രാജപുരം-ബളാല്‍ റോഡ്, അട്ടേങ്ങാനം-നായ്ക്കയം റോഡ്, കള്ളാര്‍-പുഞ്ചക്കര റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തും. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിര്‍മ്മാണം തുടങ്ങി. സ്ഥലം എം.എല്‍.എ കൂടിയായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുന്‍കൈയ്യെടുത്താണ് റോഡ് നവീകരിക്കുന്നത്.
Odayanchal-Edathod road construction started