തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ സാമ്പത്തികപ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതിന് പിന്നാലെ ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുന്നു എന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. മഞ്ചേരി എ.സി.ഇ പബ്ലിക് സ്‌കൂളിലെ രക്ഷാകര്‍ത്താക്കള്‍ ഇതിനെതിരെ ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയലാണ് പുതിയ ഉത്തരവ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.
കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ഫീസിളവ് അനുവദിക്കാനാകില്ലെന്ന മാനേജ്‌മെന്റ് വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 25 ശതമാനം കുറച്ച് ഫീസ് അടക്കുന്ന കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നില്ലെന്ന് സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറേറ്റ് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Educational institutions should reduce fees by 25 pc during COVID crisis: Child Rights Commission