കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഓപ്പണ്‍ സര്‍വകലാശാല വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചത്. മുസ്ലിം ലീഗിന് പുറമെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അന്ധമായ ന്യൂനപക്ഷവിരോധം സാമുദായികധ്രുവീകരണത്തിന് വഴിവെക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി.
ഓപണ്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്. ജാതിരഹിത സമൂഹത്തിന്റെ നിര്‍മിതിക്ക് പ്രയത്നിച്ച നേതാവന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലയില്‍ ഇത്തരമൊരു വിവാദം തീര്‍ത്തും അനുചിതമാണെന്ന് മുശാവറ ചൂണ്ടിക്കാട്ടി. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ് നിയമനാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലെ മുഖപ്രസംഗത്തില്‍ മുബാറക് പാഷയെ എതിര്‍ത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്ന തലക്കെട്ടോടെയാണ് ലീഗ് മുഖപത്രത്തില്‍ എഡിറ്റോറിയല്‍ വന്നത്. ഇടത് അധ്യാപകസംഘടനകളുടെയടക്കം എതിര്‍പ്പ് വകവെക്കാതെ മുബാറക് പാഷയെ ശ്രീനാരായണഗുരു സര്‍വകലാശാല വിസിയാക്കിയത് മന്ത്രി കെ ടി ജലീലുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്നാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ലീഗ് സര്‍ക്കാരിനും പാഷയ്ക്കും പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
Kanthapuram against Vellappally on Mubarak Pasha’s appointement