മുംബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍പരിശോധന. വിവേകിന്റെ സഹോദരീ ഭര്‍ത്താവ് ആദിത്യ ആല്‍വയെ തേടിയാണ് ബംഗളൂരു പൊലീസ് നടന്റെ മുംബൈയിലെ വസതിയിലെത്തിയത്. ആദിത്യ ആല്‍വ പൊലീസ് തിരച്ചിലിനെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. വാറണ്ടുമായാണ് പൊലീസ് ഒബ്റോയിയുടെ വീട്ടിലേക്ക് പോയത്.
കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
മലയാളികളും കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ അനൂബ് മുഹമ്മദിന്റെ സുഹൃത്തായ ബിനീഷ് കോടിയേരിയെയും കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അനൂബും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
Vivek Oberoi’s Home Searched As Cops Look For Relative in Drugs Case