വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കേരളാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നു. ഇന്ത്യയില്‍ ആദ്യമായി പാര്‍ലമെന്റിന്റെ തീരുമാന പ്രകാരമാണ് 1962ല്‍ ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നത്. ആ യൂണിവേഴ്‌സിറ്റി ഇന്ത്യാ രാജ്യത്ത് സൃഷ്ടിച്ച വിദ്യഭ്യാസ വിപ്ലവം ചെറുതല്ല. വിവിധ വിഷയങ്ങളില്‍ ഒരുപാട് അറിവും ഭാഷാ പരിജ്ഞാനവുമുളള ആളുകള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ ബിരുദവും ബിരുദാനന്തര ബിരുദവും കോഴ്‌സുകള്‍ ചേര്‍ന്ന് പഠിക്കാന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷ പാസായാല്‍ മാത്രം മതി.
ഈ കോഴ്‌സുകളില്‍ ചേര്‍ന്ന് തപാല്‍ മാര്‍ഗ്ഗം നല്‍കുന്ന സിലബസ് പഠിച്ച് യൂണിവേഴ്‌സിറ്റി അംഗീകൃത പരീക്ഷാ സെന്ററുകളില്‍ പോയി പരീക്ഷ എഴുതി പാസായി ബിരുദങ്ങള്‍ നേടിയിരുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയെ കൂടാതെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി, കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഒരുപാട് യൂണിവേഴ്‌സിറ്റികള്‍ ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ടായിരുന്നു. അവയില്‍ പലതും ഇപ്പോഴില്ല.
സംസ്ഥാനത്തിന് പുറത്ത് സബ്‌സെന്ററുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, കോണ്‍ടാക്റ്റ് ക്ലാസുകള്‍ എന്നീ സംവിധാനങ്ങളൊക്കെ ഈ യൂണിവേഴ്‌സിറ്റികള്‍ക്ക് ഉണ്ടായിരുന്നു. 95 ശതമാനം യൂണിവേഴ്‌സിറ്റികളൂം ഈ സംവിധാനം നിര്‍ത്തി. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് വളരെ കുറവായതിനാല്‍ ഭാരിച്ച ചെലവ് കാരണവും സംസ്ഥാനത്തിന് പുറത്തുള്ള സബ്‌സെന്ററുകളേയും പരീക്ഷാ കേന്ദ്രങ്ങളെയും നിയന്ത്രിക്കുവാനുളള പ്രയാസവുമൊക്കെയായി പല പ്രശ്‌നങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ നേരിടേണ്ടി വന്നു. ഉദ്യോഗസ്ഥന്‍മാര്‍ ക്രമക്കേടുകള്‍ നടത്തുന്നു എന്ന സംശയവും യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടായി. ഇങ്ങനെ 95 ശതമാനം യൂണിവേഴ്‌സിറ്റികളും അടച്ചു പൂട്ടി.
ലോകത്ത് പ്രശസ്തനായ ആത്മീയ ആചാരനും കേരളീയനുമായ ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നു. നേരത്തെ മറ്റുളള ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷ പാസായാല്‍ ബിരുദവും ബിരുധാനന്ത ബിരുദവും പഠിക്കാനുളള സംവിധാനം ഈ യൂണിവേഴ്‌സിറ്റിയെ പരിചയപ്പെടുത്തി പറയുന്ന ഒരിടത്തും കാണുന്നില്ല. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ പാസായത് മാത്രം അടിസ്ഥാനമാക്കി നേടുന്ന ബിരുദവും ബിരുദാനന്തര ബിരുദവും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെ പി.എസ്.സി (പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍)കളും അംഗീകരിച്ചിരുന്നു. എന്ന് മാത്രമല്ല ഈ കോഴ്‌സുകള്‍ പഠിച്ച പതിനായിരക്കണക്കിനാളുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സര്‍ക്കാര്‍ തലത്തില്‍ ജോലി ചെയ്ത് വരുന്നു.
ഈ സംവിധാനം ഇന്നത്തെ പ്ലസ്ടുവും പഴയ പ്രീഡിഗ്രിയും പാസായി ബിരുദ പഠനത്തിന് സര്‍ക്കാര്‍ കേളേജുകളില്‍ സീറ്റ് ലഭിക്കാത്തവരും റഗുലറായി കോളേജില്‍ പോയി പഠിക്കാന്‍ സാമ്പത്തിക പ്രയാസത്താല്‍ സാധിക്കാത്തവരും ഈ സംവിധാനം ഉപയോഗപ്പെടുത്തി വന്നിരുന്നു.
1993ല്‍ ഡിസ്റ്റന്റ് എജ്യുക്കേഷന്‍ കൗണ്‍സില്‍ എന്ന ഒരു സമിതിക്ക് രൂപം നല്‍കി. പിന്നീട് ഇവയുടെ ഏകോപനത്തിന് വേണ്ടിയും നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഡിസ്റ്റന്റ് എജ്യുക്കേഷന്‍ ബ്യൂറോ എന്ന പേരില്‍ യു.ജി.സിയുടെ കീഴില്‍ ഒരു സമിതിയെ കൊണ്ട് വന്നു.
ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ നിലവാരം സര്‍ക്കാര്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച പല സമിതികളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയെ തകര്‍ക്കുകയാണ് ചെയ്തത്.
ഒരുപാട് വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്ന ഇത്തരം സ്ഥാപനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമിതികള്‍ക്ക് സാധിച്ചു. അവ വീണ്ടും പുനര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാറിന് എത്ര സമിതികള്‍ നിയോഗിക്കേണ്ടി വരും എന്ന് അറിഞ്ഞുകൂട. ഇപ്പോള്‍ നിലവില്‍ പല യൂണിവേഴ്‌സിറ്റികളിലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത് യൂണിവേഴ്‌സിറ്റികള്‍ കോഴ്‌സുകള്‍ നടത്തി വരുന്നു. യൂണിവേഴ്‌സിറ്റികളില്‍ ഫീസ് അടച്ചാല്‍ തപാല്‍മാര്‍ഗ്ഗം വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് ലഭിക്കുന്നതാണ്. അത് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി പഠിച്ച് പാസാവുക എന്നത് വലിയ വെല്ലുവിളിയാണ്. അതിന് പരിഹാരമായി ഓരോ ജില്ലയിലെ നഗരങ്ങളിലും നാലോ അഞ്ചോ പാരല്‍ കോളേജുകള്‍ ഉണ്ടാകും. തപാല്‍ മാര്‍ഗ്ഗം ലഭിച്ച സിലബസുകള്‍ റഗുലര്‍ക്ലാസുകളായി അവിടെ ലഭിക്കും.
യൂണിവേഴ്‌സിറ്റിയും വിദ്യാര്‍ത്ഥികളും തമ്മില്‍ ചെയ്യേണ്ട ആശയവിനിമയം ഈ പാരല്‍ കോളേജുകള്‍ ഏറ്റെടുക്കുകയും ചെയ്യും. അതാണ് നിലവിലുളള സംവിധാനം.
സര്‍ക്കാര്‍ അംഗീകാരമുളള സ്വാശ്രയ കോളേജുകളിലുമായി വെറും 30 ശതമാനം മാത്രമാണ് സീറ്റ് ലഭിക്കുക. 70 ശതമാനം വിദ്യാര്‍ത്ഥികളും ഡിസ്റ്റന്റ് എജ്യുക്കേഷന്‍ എന്ന സംവിധാനത്തിലൂടെ പ്രൈവറ്റ് രജിസ്ട്രഷന്‍ വഴി സ്വന്തമായും പാരല്‍ കോളേജുകളിലുമായി പഠിച്ച് വരുന്നു.
കേരളാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നാല്‍ കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും നിലവിലുളള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ത്തി വെച്ച് കേരളാ യൂണിവേഴ്‌സിറ്റി തന്നെ അവയെല്ലാം നടത്തും എന്നാണ് അറിയുന്നത്.
മുന്‍കാലങ്ങളില്‍ പല യൂണിവേഴ്‌സിറ്റികളിലും നടപ്പിലാക്കിയിരുന്ന പ്രായം മാത്രം മാനദണ്ഡമാക്കി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തിയിരുന്ന പ്രവേശന പരീക്ഷാ പാസായവര്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും പഠിച്ച് പാസാകാനുളള സംവിധാനം കേരളാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടുത്തണം. ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ സ്ഥാപിച്ച സര്‍വ്വകലാശാലയില്‍ മുബാറക് ബാഷയെ വിസിയായി നിയമിച്ചത് ന്യൂനപക്ഷ പ്രീണനമാണെന്ന് വിമര്‍ശിച്ച എസ്.എന്‍.ഡി.പി സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്ഥാവന അദ്ദേഹം വഹിക്കുന്ന പദവിക്കും മതേതര ഇന്ത്യക്കും യോജിച്ചതല്ലെന്ന് പല ദിക്കുകളില്‍ നിന്നും ആക്ഷേപമുയര്‍ന്നു. മാത്രമല്ല വര്‍ഗ്ഗീയ ചിന്ത പകരാനും വെള്ളാപ്പള്ളിയുടെ പ്രസ്താവന കാരണമാകുമെന്നും അഭിപ്രായമുണ്ടായി. ഇതൊന്നും ശ്രീ നാരയണഗുരു ഇഷ്ടപ്പെടില്ലെന്ന് വിമര്‍ശകന്‍ ഓര്‍ക്കണം.
നമ്മുടെ സംസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥികളുടെ സര്‍വ്വവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകണം ഈ കേരളാ യൂണിവേഴ്‌സിറ്റി. അങ്ങനെയാവട്ടെയെന്ന് പ്രത്യാശിക്കാം.