ചെറിയ ചെറിയ പല മനുഷ്യരുടെയും വലിയ നന്മകളും കഴിവുകളും വെളിപ്പെടുന്നത് അവര്‍ പോയതിന് ശേഷമാണ്. അന്തുമാന്‍ച്ച എന്ന ചെമ്മനാട് പടുപ്പിലെ അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ സവിശേഷതകള്‍ സഹജീവികള്‍ പോലും മനസ്സിലാക്കിയതും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമായിരുന്നു. ജീവിത സമരവും നിശബ്ദമായ കാരുണ്യ പ്രവര്‍ത്തനവും മതാത്മകതയും കളിതമാശകളും സമന്വയിപ്പിച്ച് കൊണ്ടുനടന്ന ആ ജീവിതത്തിന് എണ്‍പത്തിയഞ്ചാം വയസില്‍ വിരാമം വീണു. കാഴ്ചയില്‍ ഒരു കാസര്‍കോടന്‍ കാക്ക. ഗ്രാമ്യമായ വസ്ത്രധാരണവും സംസാര രീതിയും. യൗവ്വനത്തിന്റെ തീവ്രതയിലും വാര്‍ധക്യത്തിന്റെ വല്ലായ്മയിലും മരണസ്മരണയോടെയും മതാനുഷ്ഠാന ചിട്ടയോടെയും സദാ ജാഗ്രത്തായ ജീവിതം. ഒരു കാലത്ത് കേരളത്തിലും കര്‍ണ്ണാടകയിലും വിളിപ്പെട്ട വോളിബോള്‍ കളിക്കാരനായിരുന്നു. ജനമധ്യത്തില്‍ ആനയിക്കപ്പെടുകയോ ആദരങ്ങളും അവാര്‍ഡുകളും ആഗ്രഹിക്കുകയോ ചെയ്തില്ല. കറകളഞ്ഞ ആത്മാര്‍ത്ഥതയും അവിശ്വസനീയമായ സത്യസന്ധതയും കാരണം സുഹൃദ്‌വലയത്തിലെത്തിയവരുടെ ഹൃദയം അന്തുമാന്‍ച്ചയുടെ കൈയിലായി. ജന്മ വാസനയും ആലിയ അറബിക് കോളേജിലെ വിദ്യാഭ്യാസവും (കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ല) ആയിരിക്കാം ഈ ഉത്തമഗുണങ്ങള്‍ ഉല്‍പ്പാദിപ്പിച്ചത്. ആലിയ കോളേജ് കായിക വിനോദങ്ങളെയും സാഹിതീ സംരഭങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. കെ.കെ.എസ്. തങ്ങള്‍, ഈസ ഉളിയില്‍, ഹൈദര്‍ കര്‍ണ്ണാടക മുതലായവരുടെ സാന്നിധ്യം കൗതുകകരമായിരുന്നു. ഹൈദര്‍ ആലിയയില്‍ അധ്യാപനം നടത്തുന്നു. 1960ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി കുറച്ച് കാലം അവിടെ തന്നെ അധ്യാപകനായി ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സി.എച്ച്. അബ്ദുല്‍ ലതീഫ് ഒന്നാന്തരം വോളിബോള്‍ കളിക്കാരനാണ്. യൗവ്വന ദശയില്‍ (1978) അന്തുമാന്‍ച്ച വിദേശത്ത് ജോലി യായിരുന്നപ്പോള്‍ മൂത്ത സഹോദരന്‍ ഖാലിദ് ഹാജി മരണപ്പെട്ടു. അങ്ങനെ ഗര്‍ഭസ്ഥ ശിശുവായിരുന്ന റുഖിയാബിയടക്കം ചിറകു മുളക്കാത്ത പൊടിപ്പൈതങ്ങള്‍ യത്തീമായി. ഖാലിദ് ഹാജിയുടെ സുള്ള്യത്തെ കച്ചവട സ്ഥാപനങ്ങള്‍ അപകടത്തിലായി. യൗവ്വനം വിട്ടു മാറുന്നതിന് മുമ്പ് വൈധവ്യം പ്രാപിച്ച സാറ പിടിച്ചുനിന്നു. ഖാലിദ് ഹാജിയുടെ അളിയനും ഗുണകാംക്ഷിയുമായ സി.എല്‍. മൊയ്തീന്‍ കുഞ്ഞി സാഹിബ് (ഏക സഹോദരിയുടെ ഭര്‍ത്താവ്) കണ്ട ഉപായം എല്ലാവര്‍ക്കും ഹൃദ്യമായി. അന്തുമാന്‍ച്ചയെ ദുബായില്‍ നിന്ന് വിളിച്ച് വരുത്തി. അദ്ദേഹം അനാഥക്കിടാങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കൈകാര്യ കര്‍തൃത്വം എല്ലാ ശ്രദ്ധയും കൈക്കൊണ്ട് ഏറ്റെടുത്തു. ആ കുരുന്നുകളില്‍ അനുകമ്പയുടെയും വാത്സല്യത്തിന്റെയും വര്‍ണ്ണ രാജികള്‍ വിരിയിച്ചു. അനവധി മഴയും മഞ്ഞും വേനലും കടന്ന് കാലം ഒഴുകിപ്പോയി. പിതാവ് നഷ്ടമായിരുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വലുതായി. നിക്കാഹ് ചെയ്തു കൊടുക്കാന്‍ കൈക്കാരനായി (നിക്കാഹ് ചെയ്തു കൊടുക്കുന്ന ആള്‍) അന്തുമാന്‍ച്ചയും പാര്‍ട്ടിയും വധൂ ഗൃഹത്തില്‍ നിന്ന് പോകുമ്പോള്‍ അക്കൂട്ടത്തില്‍ ഈ ലേഖകനും ഭാഗഭാക്കായത് ഇപ്പോള്‍ ഓര്‍മ്മയില്‍ കയറി വരികയാണ്. അതുമാത്രമല്ല, അതിനു മുമ്പത്തെ-പുതിയ തലമുറക്കറിയാത്ത-ചെമ്മനാട് ഗ്രാമത്തിലെ വിശേഷാനുഭൂതികളുടെ ഓര്‍മ്മയും മനസില്‍ വന്നെത്തുന്നു. എന്തെന്നില്ലാത്ത സൗന്ദര്യവും സംശുദ്ധിയുമായിരുന്നു ആ ഗ്രാമത്തിന്. കണ്ണെത്താത്ത നെല്‍ വയലിന്റെ തെന്നലേറ്റുള്ള ഉലയലും യുവാക്കളുടെ വോളിബോള്‍ കളിയും ചന്ദ്രഗിരിപ്പുഴയിലെ വഞ്ചി സഞ്ചാരവും നെല്ലിന്റെ സുഗന്ധം വഹിക്കുന്ന ശുദ്ധവായുവും കണ്ട് കണ്ണും കരളും കുളിര്‍ത്തിരുന്നു. അന്തുമാന്‍ച്ചയുടെ ഗൃഹാന്തരീക്ഷവും കൗതുകകരമായിരുന്നു. സഹധര്‍മ്മിണി ആയിഷ നന്നായി പാടും. മകന്‍ മുനീറും പാടും. അന്തുമാന്‍ച്ചയുടെ ആറ്റുവക്കത്തുള്ള വീട്ടില്‍ ആറ്റു നീറുപോലെ ഇശലുകള്‍ വഴിഞ്ഞൊഴുകി. അദ്ദേഹം അത് ആവോളം ആസ്വദിച്ചു. പതിമൂന്ന് വര്‍ഷം മുമ്പ് ‘സ്‌ട്രോക്ക്’ എന്ന സുന്ദര പേരില്‍ അറിയപ്പെടുന്ന അസുഖം അദ്ദേഹത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അതോടെ ഒരു പരിധിവരെ ദീനശയ്യയിലായി. എങ്കില്‍ പോലും ചെറുപ്പകാലത്തെ ശീലം മരിക്കുവോളം മറന്നില്ല-വെളുപ്പിന് മുമ്പ് മൂന്ന് മണിക്ക് വിച്ഛേദം കൂടാതെ എഴുന്നേറ്റു. അതിന് മഹത്തായ ലക്ഷ്യമുണ്ടായിരുന്നു. പ്രവാചകന്റെ വാചകങ്ങള്‍ അന്തുമാന്‍ച്ചാക്ക് മാര്‍ഗദീപമായിരുന്നു. നാടും നഗരവും ഉറങ്ങുമ്പോള്‍ അന്തുമാന്‍ച്ച ഏകാന്തതയുടെ നടുവില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി. അല്ലാഹു ലക്ഷ്യ പ്രാപ്തി നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.