ദേശവും കാലവും ചുറ്റുമുള്ള ജീവിതക്കാഴ്ചകളും നിറഞ്ഞ അനുഭവസാക്ഷ്യങ്ങളുടെ ആഴങ്ങള്‍ അടയാളപ്പെടുത്തുന്ന ഇബ്രാഹിം ചെര്‍ക്കളയുടെ ചില പുസ്തകങ്ങളെ പരിചയപ്പെടുത്താം.
‘മനുഷ്യവിലാപങ്ങള്‍’ എന്ന നോവല്‍ പുരുഷ പീഡനത്തിന്റെ ബലിയാടുകളായിത്തീര്‍ന്ന രണ്ട് ആത്മമിത്രങ്ങളുടെ ജീവിതപരിസരങ്ങളില്‍ ഇതള്‍വിടരുന്ന കഥയാണ്. സാമാന്യവല്‍ക്കരിക്കപ്പെടാത്ത ചില നഗ്‌നസത്യങ്ങളുടെ ഉള്ളറകളില്‍ വായനക്കാരെ എത്തിക്കുന്ന സ്വതന്ത്രമായ ഭാഷാവശമുള്ള എഴുത്തുകാരനാണ് ഇബ്രാഹിം ചെര്‍ക്കള. ‘മനുഷ്യവിലാപങ്ങള്‍’ എന്ന നോവലിലും എഴുത്തുകാരന്‍ ജന്മസ്വാതന്ത്ര്യം അനുഭവിക്കുന്നതായി കാണാം. തന്റെ അനുഭവപരിസരത്തുനിന്നുകൊണ്ട് ജാഡയേതുമില്ലാതെ ഒരു കഥ നേരെ ചൊവ്വേ പറയാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ മാധവന് പ്രവാസാനന്തരം നാട്ടിലനുഭവിക്കേണ്ടിവരുന്ന ജീവിത സംഘര്‍ഷങ്ങളാണ് നോവലിന്റെ കഥാതന്തു. പ്രവാസ ജീവിതാനുഭവങ്ങളോടൊപ്പം ഗ്രാമപരിസരങ്ങളുടെ വാങ്മയ ചിത്രങ്ങളും ഇടകലര്‍ത്തിയുള്ള ഒരു പുതിയ രചനാരീതി ഈ നോവലിനെ വശ്യസുന്ദരമാക്കുന്നു.
‘മരീചികകള്‍ കൈയ്യെത്തുമ്പോള്‍’ എന്ന നോവല്‍ മനുഷ്യമനസ്സിന്റെ നവകാല ചോദനകളും അത് ഉയര്‍ത്തുന്ന ജീവിതവ്യഥയുമാണ് പ്രതിപാദിക്കുന്നത്. നോവലിന് അവതാരിക എഴുതി കഥാകാരി പി. വത്സലയും ഇത് ശരിവെക്കുന്നു. അംഗവൈകല്യത്തോടെ ജനിച്ച് ജീവിതം തള്ളിനീക്കുന്ന ധാരാളം മനുഷ്യരെ നമുക്കിടയില്‍ കാണാം. ഇത്തരം ദുരന്തജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥപറയുന്ന നോവലാണിത്. ഇതിലെ ഓരോ വരികളും ചിത്രങ്ങളും വായനക്കാരെ സൂക്ഷ്മമായ അനുഭവങ്ങളിലേക്ക് ആനയിക്കുന്നുണ്ട്. ചുറ്റുമുള്ള പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് വായനക്കാരന്റെ സ്വന്തം അനുഭവങ്ങളാക്കിത്തീര്‍ക്കുന്ന എഴുത്തുകാരന്റെ ധന്യമായ എഴുത്തുചാരുത ഇതില്‍ പ്രകടമാണ്.
വടക്കന്‍ ചുവ എഴുത്തില്‍ അമിതമായി ഇല്ല എന്ന് മാത്രമല്ല, അതിമനോഹരമായ ആഖ്യാനശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ സമാന്തരമായ ഒരു പുതുവഴി തുറക്കാനും ഇബ്രാഹിമിന് കഴിയുന്നു. ഇത് ഒരു ഭംഗിവാക്കല്ല. പുസ്തകങ്ങളിലെ വായനാനുഭവം അത് പകര്‍ന്നുതരുന്നു. അന്ധവിശ്വാസത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും നേരിന്റെ പക്ഷം ചേരുന്ന ശക്തമായ നിലപാടും, ബോധ്യപ്പെടുത്തുന്ന ധാരാളം കഥാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന കഥയാണ് ‘സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍.’ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നിഷ്‌കളങ്ക മനുഷ്യമനസ്സുകളെ ചൂഷണം ചെയ്യുന്ന കപടത ശീലമാക്കിയ ആത്മീയ വ്യാപാരികളുടെയും, പൊള്ളത്തരങ്ങള്‍ക്ക് നടുവില്‍ താണ്ഡവമാടുന്ന ആള്‍ദൈവങ്ങളുടെയും മുഖംമൂടി വലിച്ചുചീന്തുന്ന ലഘുനോവലാണ് ഇത്.
പ്രവാസ ജീവിതത്തിലും ജന്മനാട്ടിലും താനനുഭവിച്ച നേര്‍ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ‘കാല്‍പ്പാടുകള്‍ പതിഞ്ഞ നാട്ടുവഴികള്‍’ എന്ന കൃതി. എഴുത്തുകാരന്റെ ബാല്യ-കൗമാരകാലഘട്ടങ്ങളില്‍ നടന്നുതീര്‍ത്ത വഴികളിലൂടെ വീണ്ടും മനസ്സുകൊണ്ടൊരു യാത്രയാണ് ഈ പുസ്തകത്തില്‍. ഉപ്പയുടെ കൈപിടിച്ചു നടന്ന യാത്രയിലൂടെ കണ്ട കൊച്ചുമനസ്സിലെ കൗതുകക്കാഴ്ചകള്‍, മറ്റു അനേകം ജീവിതയാത്രാസ്മരണകള്‍, തന്റെ വിവാഹപൂര്‍വ്വനാളുകള്‍, അനുഭവം, ഓര്‍മ്മ, യാത്ര ഇതു പലതും വഴികളില്‍ ഏറെ ദൃശ്യങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നു. സ്വതസിദ്ധമായ ഭാഷയില്‍ വ്യത്യസ്തമാര്‍ന്ന അനുഭൂതിതലങ്ങളിലൂടെ കൊണ്ടുപോകുന്ന സവിശേഷമായ രചനാചാതുര്യം. ഈ പുസ്തകത്തിന്റെ അവതാരികയില്‍ പി.ആര്‍. നാഥന്‍ രേഖപ്പെടുത്തിയ ഒരു വാക്ക് ഞാനും കടമെടുക്കട്ടെ. ”ഇബ്രാഹിം ചെര്‍ക്കളയുടെ രചനകള്‍ എവിടെക്കണ്ടാലും പെട്ടെന്ന് വായിക്കും. കാരണം, അദ്ദേഹത്തിന്റെ എഴുത്തുഭാഷ അത്രയും ലളിതമാണ്.” ഞാനും ഈ എഴുത്തുകാരനെ ഇഷ്ടപ്പെടുന്ന ഒരു ഘടകം ഇതുതന്നെയാണ്. ‘കാല്‍പ്പാടുകള്‍ പതിഞ്ഞ നാട്ടുവഴികള്‍’ ചെര്‍ക്കളയിലെയും കാസര്‍കോട്ടെയും പല വിശേഷങ്ങളും പുതുമയോടെ അവതരിപ്പിക്കുന്നു. വിവാഹാഘോഷങ്ങളും നാടോടി സര്‍ക്കസ്സും കാളവണ്ടിയിലെ യാത്രയും ഗ്രാമങ്ങളിലെ നാടന്‍ കളികളും എല്ലാം വളരെ സൂക്ഷ്മമായി ഇബ്രാഹിം അടയാളപ്പെടുത്തുന്നു.
പഴയകാല ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുടെ നിധികുംഭമാണ് 2013ല്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘കീറിക്കളയാത്ത ചില കുറിമാനങ്ങള്‍’. ഇതില്‍ കത്തുകളുടെ അനുഭവ ചരിത്രം പറയുകയാണ് ഇബ്രാഹിം ചെര്‍ക്കള. ഒരു ദശാബ്ദം മുമ്പ് വരെ നമ്മുടെ ജീവിതചര്യയായിരുന്നു. വീട്ടിലെത്തുന്ന ഉറ്റ ബന്ധുവായിരുന്ന തപാല്‍ക്കാരന്‍. അക്കാലത്തെ പലരും ഞായറാഴ്ചകളെ ശപിച്ചത് അന്നു തപാലാപ്പീസിനു അവധിയായതുകൊണ്ടാണ്. കത്തുകളുടെ പ്രതീക്ഷ ഒരു ദാഹമായിരുന്നു, പഴയ തലമുറയ്ക്ക്.
‘കീറിക്കളയാത്ത ചില കുറിമാനങ്ങള്‍’ വായിച്ചും എഴുതിയും കൊതിതീരാത്ത അനേകം കത്തുകളുടെ വലിയ ഒരു ലോകത്തെ നമുക്ക് മുന്നില്‍ തുറന്നിടാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് എന്ന് കാണാനാകും. ഗതകാലത്തില്‍ കത്തുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് പിന്‍തലമുറയ്ക്ക് പരിചയപ്പെടുത്തുകയും, പഴയ തലമുറയില്‍ കത്തുകള്‍ക്ക് ഉണ്ടാകുന്ന ഹൃദയബന്ധം അനുഭവപ്പെടുത്തുകയും ചരിത്രങ്ങളിലേക്ക് വഴിനടത്തുകയും ചെയ്യുന്ന രചനയാണ് ഇത്. കത്തുകള്‍ വഴികാട്ടിയ അപൂര്‍വ്വം സൗഹൃദങ്ങളിലൂടെയും വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കയച്ചതും പത്രാധിപരുടെ കയ്യൊപ്പോടു കൂടി മറുപടി വന്നതുമായ കത്തുകള്‍ ഈ പുസ്തകത്തിലൂടെ നമ്മോടു സംസാരിക്കുകയാണ്. ഓരോ അവസരങ്ങളിലും കത്തുകള്‍ കൈയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഹൃദയനൊമ്പരങ്ങളുടെ ചിത്രങ്ങള്‍ മനോഹരമാണ്. തുടക്കക്കാരനെന്ന നിലയില്‍ എഴുത്തുമേഖലയില്‍ നേരിട്ട അവഗണനകള്‍ തുറന്നടിച്ചു പറയുന്നില്ലെങ്കിലും സമാനമായ അവസ്ഥകളിലൂടെ എഴുത്തുകാരന്‍ കടന്നുപോയിട്ടുണ്ടെന്നുറപ്പാണ്.
പോസ്റ്റ്മാന്‍മാര്‍ ദൈവങ്ങളായി വാഴ്ത്തപ്പെട്ട ഒരു കാലം നമുക്കുണ്ടായിരുന്നു. അതിന്റെ സൗന്ദര്യതലങ്ങള്‍ ഇത്രയും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാനുള്ള ഇബ്രാഹിമിന്റെ കഴിവ് മികച്ചതാണ്. ‘കീറിക്കളയാത്ത കുറിമാനങ്ങള്‍’ എന്ന പേരില്‍ത്തന്നെ ഒരു സൗന്ദര്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. മനസ്സില്‍ തുന്നിച്ചേര്‍ത്ത അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍ ഇവയൊന്നും കേവലമായ കത്തുകള്‍ മാത്രമായിട്ടല്ല ഇബ്രാഹിം ചെര്‍ക്കള എന്ന സാഹിത്യകാരനില്‍ കുടികൊള്ളുന്നത്. അവയിലെല്ലാം താനറിഞ്ഞോ അറിയാതെയോ ജീവിച്ചുതീര്‍ത്ത അനുഭവങ്ങള്‍ തന്നെയായിരുന്നുവെന്ന് എഴുത്തുകാരന്‍ തിരിച്ചറിയുന്നുണ്ട്. വായനക്കാരെ തന്റെ ജീവിതപ്രതലങ്ങളിലെ പരുപരുപ്പും മൃദുലതയും എല്ലാം നന്നായി അനുഭവിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് എഴുത്തിലെ ആഴവും ഭംഗിയും.