കാഞ്ഞങ്ങാട്: കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇറങ്ങി. ഇതോടെ നിയമലംഘനം നടത്തുന്നവര്‍ക്കും പിടിവീഴുകയാണ്. നടപടിയും ശക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ അധികാര പരിധിയിലുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ 15 അധികാരങ്ങളാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിട്ടുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. പഞ്ചായത്തുകളില്‍ ഒരാളെയും നഗരസഭകളില്‍ നാലോ ആറോ വാര്‍ഡുകളിലേക്ക് ഒരാളെ വീതവുമാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചിട്ടുള്ളത്.
സുരക്ഷയ്ക്കായി പൊലീസിനെയും യാത്രക്ക് വാഹനവും അനുവദിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹ്യ അകലം പാലിക്കാതിരിക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യമല്ലാത്ത കടകള്‍ തുറക്കല്‍, കടകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് ഇവര്‍ നടപടിയെടുക്കുന്നത്.
നിയമ ലംഘനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജാഗ്രത പോര്‍ട്ടലില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാം. ഇത് തത്സമയം തന്നെ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, ഡി.ജി.പി, കലക്ടര്‍, ബന്ധപ്പെട്ട് പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലഭിക്കും. ശുപാര്‍ശ ലഭിക്കുന്ന തത്സമയം തന്നെ പൊലീസ് ഹൗസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി കേസ് ജിസ്റ്റര്‍ ചെയ്യും. ഇങ്ങനെ പകര്‍ച്ചവ്യാധി പ്രതിരോധനിയമം നടപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചതോടെ കേസുകളുടെ എണ്ണം ആദ്യം വര്‍ധിക്കുകയും നടപടി ഭയന്ന് നിയമം അനുസരിക്കുവാന്‍ സമൂഹം ഒരുങ്ങിയതോടെ കേസുകള്‍ കുറഞ്ഞു.