മഞ്ചേശ്വരം: അടച്ചുറപ്പില്ലാത്ത ഓലക്കുടിലില്‍ കഴിയുന്നത് പിഞ്ചുകുട്ടികളടക്കമുള്ള ഏഴംഗകുടുംബം. കൂലിതൊഴിലാളിയായ ഹൊസങ്കടി മജിബയലിലെ ഒറ്റമുറിയുള്ള ഓലപ്പുരയിലാണ് നാല്‍പ്പത്തെട്ടുകാരനായ പ്രകാശനും കുടുംബവും സ്വസ്ഥമായി അന്തിയുറങ്ങാന്‍ പോലുമാകാതെ കഴിയുന്നത്. പ്രകാശന്‍ കൂലിതൊഴിലാളിയാണ്. ഭാര്യ സുമിത്ര, മക്കളായ പവിത്കുമാര്‍, പവിത, പവിത്രന്‍, ആതിര, തന്‍വീത് എന്നിവരാണ് പ്രകാശനോടൊപ്പം താമസിക്കുന്നത്. ഓലമേഞ്ഞ വീടിന്റെ ചുമരുകളും ഓലകളും വടികളും കൊണ്ട് നിര്‍മിച്ചതാണ്. ഇതിന് വാതിലും ഇല്ല. പ്ലാസ്റ്റിക് കവര്‍ കൊണ്ടാണ് വാതിലിന്റെ ഭാഗം മറച്ചിരിക്കുന്നത്. പവിത് കുമാര്‍ എന്ന കുട്ടിക്ക് പതിമൂന്ന് വയസാണ് പ്രായം. മറ്റ് കുട്ടികളുടെ പ്രായം നാല് വയസിനും മൂന്നുവയസിനും താഴെ മാത്രമാണ്. പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ ഈ വീട്ടിനുള്ളില്‍ ഇഴഞ്ഞെത്തുന്നത് പതിവാണ്. ഇതുകാരണം പാമ്പുകടിയേല്‍ക്കുമെന്ന ഭയവും കുടുംബത്തിനുണ്ട്. ഒരു കൈക്ക് വേദനയുള്ളതിനാല്‍ പ്രകാശന് പലപ്പോഴും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഒരുദിവസം പണിയെടുത്താല്‍ 500 രൂപ ലഭിക്കും. സുമിത്ര ബീഡി തെറുത്ത് കിട്ടുന്ന തുഛമായ തുകയാണ് കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം. പ്രകാശന്റെ സഹോദരന്റെ ഏഴ് സെന്റ് സ്ഥലത്താണ് ഈ കുടിലുള്ളത്. സ്വന്തമായി സ്ഥലത്തിന് വേണ്ടി പ്രകാശന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരു സുരക്ഷിതത്വവുമില്ലാതെ ഓലപ്പുരയില്‍ കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ ഇതുവരെ ഒരു പൊതുപ്രവര്‍ത്തകന്റെയും സംഘടനയുടെയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല.