കാഞ്ഞങ്ങാട്: പതിനൊന്നു വര്‍ഷത്തോളമായി തെരുവു പട്ടികള്‍ക്കും പക്ഷികള്‍ക്കും അന്നമൂട്ടുകയും പരിക്കേറ്റവയെ ചികിത്സിച്ചും പരിചരിച്ചും ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ബിജു എം. മഹാരാജന്റെ സ്‌നേഹക്കൂടാരത്തിലേക്ക് ഒരതിഥി കൂടി. പള്ളിക്കര പൂച്ചക്കാട്ടെ ആയിഷയുടെ വീട്ടിലെ മലിനജല ടാങ്കില്‍ വീണ പട്ടിക്കുട്ടിയാണ് ബിജുവിന്റെ സ്‌നേഹത്തണലില്‍ കഴിയുന്നത്. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയെങ്കിലും ഇതിനു കാഴ്ചയുണ്ടായിരുന്നില്ല. ഇതു മനസിലാക്കിയ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. പ്രഭാകരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബിജു എത്തി നായയെ ഏറ്റുവാങ്ങിയത്. കണ്ണു കാണാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതിനാല്‍ തന്റെ ഓട്ടോയുടെ പിറകിലെ ഡിക്കിയില്‍ ചെറിയ കൂടൊരുക്കി സംരക്ഷിക്കുകയാണ്. ഇതിനു ചികില്‍സ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. ആര്‍.ടി.ഒ. ഏജന്റാണ് ബിജു. അതിനിടെ പടന്നക്കാട് ഭാഗത്ത് റെയില്‍വെ ട്രാക്കില്‍ മൂന്നു നായ കുഞ്ഞുങ്ങള്‍ പരിക്കേറ്റ നിലയില്‍ ഉണ്ടെന്ന വിവരം കിട്ടിയിരുന്നു. ഒന്ന് ചത്തെങ്കിലും രണ്ടെണ്ണത്തിനു ഗുരുതര പരിക്കുണ്ടായിരുന്നു. ഇവയെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് ഇപ്പോള്‍ ഷെഡിലാക്കി ഭക്ഷണവും മരുന്നുകളും നല്‍കി വരുന്നു. ലോക് ഡൗണ്‍ കാലത്ത് ആയിരക്കണക്കിനു രൂപ ചെലവഴിച്ച് നായകള്‍ക്കും കാക്കകള്‍ക്കും പരുന്തുകള്‍ക്കും ഭക്ഷണവുമായി പോകുമ്പോള്‍ പൊലീസിന്റെ ഭാഗത്തു നിന്നു നല്ല സഹകരണം കിട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അലാമി പളളിയില്‍ റോഡരികില്‍ കൈകള്‍ അറ്റും വ്രണങ്ങളുള്ളതുമായ പട്ടിയെ ഏറ്റെടുത്ത് വര്‍ഷങ്ങളോളം മുറി വാടകയ്ക്ക് എടുത്തു സംരക്ഷിച്ചിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ചിലവുവന്നുവെങ്കിലും പിന്നിട് ചത്തു. ആദ്യമൊക്കെ ചിലയാളുകള്‍ പരിഹസിക്കുമായിരുന്നു. കൈയേറ്റം ചെയ്ത അനുഭവം വരെ ഉണ്ടായെങ്കിലും മിണ്ടാപ്രാണികളോടുളള സ്‌നേഹം മനസ്സിലാക്കി അവരൊക്കെ പ്രോത്സാഹിപ്പിക്കാനെത്തി. പരിക്കേറ്റ പക്ഷികളെയും മറ്റും ചികിത്സയ്ക്കു ശേഷം സ്വതന്ത്രമായി വിട്ടയ്ക്കുന്ന പതിവുമുണ്ട്. വനപാലകരുടെ പിന്‍തുണയും കിട്ടാറുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കായികമേളയില്‍ പടന്നക്കാട് നെഹ്‌റു കോളേജിനെ പ്രതിനിധീകരിച്ച് 20 കിലോമീറ്റര്‍ നടത്തത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.