തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകള്‍ ഹരിത ഓഫീസ് പദവിക്ക് അര്‍ഹമായി. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം നാടിന്റെ നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങളുടെ അധ്വാന ശേഷി വിനിയോഗിച്ചത്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ പദ്ധതികളുടെ നിര്‍വഹണ ചുമതലയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ വഹിക്കുന്നത്. അതുകൊണ്ടു സര്‍ക്കാര്‍ ഓഫീസുകള്‍ സൃഷ്ടിക്കുന്ന മാതൃകയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബാക്കിയുള്ള ഓഫീസുകളും വൈകാതെ തന്നെ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് ഇതിനു നേതൃത്വം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനരീതി പാലിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സാധിക്കുക എന്നത് സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. ഈ രംഗത്തെ ഓരോ ചുവടുവെയ്പ്പും അതീവ പ്രാധാന്യത്തോടെയാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാഴ്വസ്തുക്കള്‍ ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫലത്തുക ഹരിതകര്‍മസേനയ്ക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും സമ്പൂര്‍ണ ശുചിത്വത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
14473 ഓഫീസുകളാണ് ഗ്രേഡിങ്ങിനു വിധേയമാക്കിയത്. അതില്‍ 11,163 സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ് നേടി. 3410 ഓഫീസുകള്‍ക്ക് എ ഗ്രേഡും 3925 ഓഫീസുകള്‍ ബി ഗ്രേഡും 3828 ഓഫീസുകള്‍ സി ഗ്രേഡും ലഭിച്ചു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍. വിനോദ്, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു.