മംഗളൂരു: മോഷ്ടിച്ച മോട്ടോര്‍ ബൈക്കിലെത്തി വീടുകളില്‍ കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ബ്രഹ്‌മവര്‍ താലൂക്കിലെ ഷിരിയാരക്കടുത്ത് ഗുഡ്ഡാട്ടുവിലുള്ള ഏതാനും വീടുകളില്‍ നിന്നാണ് മോട്ടോര്‍ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇവരില്‍ രണ്ടുപേരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ബംഗളൂരു സ്വദേശികളായ സുരേഷ്, രാകേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓടിപ്പോയ നന്ദിഷ് എന്ന വിശ്വയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തനിച്ച് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കത്തി കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് ഇരുവരെയും ജപതി ഗ്രാമത്തിന് സമീപത്തുനിന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മൂന്നുപേരും ഉപയോഗിച്ച മോട്ടോര്‍ ബൈക്ക് മംഗളൂരുവിലെ ഉര്‍വ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലുള്ളവരെ ഉര്‍വ പൊലീസിന് കൈമാറും.