ചെന്നൈ: വോട്ട് ചെയ്യാനെത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ക്ഷുഭിതനായി തമിഴ് സൂപ്പര്‍താരം തല അജിത്ത്. തിരുവണ്‍മിയൂര്‍ മണ്ഡലത്തില്‍ ഭാര്യ ശാലിനിയോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഒരുങ്ങവെയാണ് ആരാധകരിലൊരാള്‍ അജിത്തിന്റെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് ഫോണ്‍ പിടിച്ചുവാങ്ങി കൈയ്യില്‍ വയ്ക്കുകയായിരുന്നു. വീണ്ടും ആരാധകര്‍ തിരക്ക് കൂട്ടിയതോടെ എല്ലാവരോടും മാറി നില്‍ക്കാനാവശ്യപ്പെട്ട് ദേഷ്യപ്പെടുകയും ചെയ്തു.
അനുചിതമായ സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് മുമ്പും അജിത്ത് ആരാധകരോട് പറഞ്ഞിരുന്നു. പുതിയ ചിത്രമായ ‘വാലിമൈ’യുമായി ബന്ധപ്പെട്ടായിരുന്നു അത്. ക്രിക്കറ്റ് സറ്റേഡിയത്തില്‍ വച്ച് വാലിമൈയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അനാവശ്യ ചോദ്യങ്ങള്‍ അനുചിതമായ സാഹചര്യങ്ങളില്‍ തന്നോട് ചോദിക്കരുതെന്ന് അജിത്ത് നിര്‍ദേശിച്ചത്.
തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരങ്ങളില്‍ പലരും വോട്ട് ചെയ്തു. നേരത്തെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. രജനികാന്തും വോട്ട് ചെയ്യാനെത്തി. തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. സൈക്കിള്‍ ചവിട്ടിയാണ് നടന്‍ വിജയ് വോട്ട് ചെയ്യാനെത്തിയത്.