കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ആരംഭിച്ച താലിബാന്‍ അധിനിവേശം ഒടുവില്‍ പൂര്‍ണതയിലെത്തുന്നു. രാജ്യത്തിന്റെ വളരെ തന്ത്ര പ്രധാനവും തലസ്ഥാനവുമായ മേഖലയായ കാബൂള്‍ കൂടി താലിബാന്‍ വളഞ്ഞതോടെ പൊരുതിനോക്കാന്‍ പോലും തയ്യാറാകാതെ അഫ്ഗാന്‍ സൈന്യം കീഴടങ്ങി. പിന്നാലെ താലിബാന്‍ പ്രതിനിധികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഘനി ഉടന്‍ രാജി വെക്കുമെന്നാണ് ലഭിക്കുന്ന വിവരം. പിന്‍വാങ്ങാന്‍ സൈന്യത്തിന് താലിബാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഘനി ഉടന്‍ രാജിവെച്ച് ചുമതല ഇടക്കാല സര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂള്‍ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുല്‍ സത്താര്‍ മിര്‍സാക്വാല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാസമിതി യോഗം വിളിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
അതേസമയം കാബൂള്‍ വിമാനത്താവളം ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിന് തൊട്ടടുത്ത തന്ത്ര പ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണവും ഭീകരര്‍ ഇന്ന് പിടിച്ചെടുത്തിരുന്നു. ഇവിടെ ഗവര്‍ണര്‍ താലിബാന് കീഴടങ്ങിയതിനാല്‍ ഏറ്റുമുട്ടാന്‍ തയ്യാറാകാതെ സൈന്യം പിന്‍വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈനിക വാഹനങ്ങളും ആയുധങ്ങളും താലിബാന്‍ കൈക്കലാക്കുകയും ചെയ്തു.
കീഴടക്കിയ പ്രദേശങ്ങളില്‍ കാടന്‍ നിയമങ്ങള്‍ താലിബാന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കരുതെന്ന് താലിബാന്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുകൂടാതെ കാല്‍പാദം പുറത്തു കാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം ഭീകരര്‍ ആക്രമിച്ചു. താഖര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെയാണ് കാല്‍പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചെന്ന് ആരോപിച്ച് ആക്രമിച്ചത്. ഇതിനൊപ്പം അധീനതയിലായ പ്രദേശങ്ങളിലെ പെണ്‍കുട്ടികളെ താലിബാന്‍ ഭീകരര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നതായും എതിര്‍ക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതായും വധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് തലിബാന്‍ വക്താവ് പറയുന്നത്. ജനങ്ങളെ തങ്ങള്‍ക്കെതിരെ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തു.