വേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനം കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ഓണ്‍ലൈനായിരുന്നു പഠനം. ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ വിദ്യാലയങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കാലവര്‍ഷം ഇത്തവണ പതിവിലും നേരത്തെയാണ് എത്തിയിരിക്കുന്നത്. തെക്കന്‍ ജില്ലകളിലായിരുന്നു ആദ്യം കനത്ത മഴ പെയ്തിരുന്നത്. ഇപ്പോള്‍ വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇക്കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി നിരവധി അധ്യാപകര്‍ വിരമിച്ചിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് വേണ്ടത്ര അധ്യാപകരെ നിയമിച്ചിട്ടില്ല. അതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. താല്‍ക്കാലികമായി നിയമിച്ച അധ്യാപകരാണ് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ എപ്പോഴും ഉണ്ടാകാറുള്ളത്. പി.എസ്.സിയുടെ റങ്ക് ലിസ്റ്റ് നിലവിലുള്ളതില്‍ നിന്ന് സ്ഥിരാധ്യാപകരെ നിയമിക്കാന്‍ കാലതാമസമുണ്ടാകരുത്. മിക്കവാറും വിദ്യാലയങ്ങള്‍ക്ക് നല്ല കെട്ടിടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗിച്ചാണ് മിക്ക സ്‌കൂളുകള്‍ക്കും കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കെട്ടിടം ഉണ്ടായതു കൊണ്ട് മാത്രമായില്ല. മറ്റ് ഭൗതീക സാഹചര്യങ്ങളും ഒരുക്കണം. ഉച്ചഭക്ഷണത്തിന്റേതാണ് പ്രധാനപ്പെട്ടത്. അതിനു വേണ്ട അരിയും പച്ചക്കറികളും മറ്റും എത്തിച്ചുകൊടുക്കണം. പ്രധാനാധ്യാപകര്‍ക്കാണ് ഇതിന്റെ ചുമതല. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര, വിറക് അല്ലെങ്കില്‍ ഗ്യാസ് സംവിധാനം എന്നിവ നല്‍കണം. കുടിവെള്ളത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. പല സ്ഥലങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പലേടത്തും വെള്ളത്തില്‍ നിന്നാണ് വിഷബാധ ഉണ്ടാവുന്നത്. ശുദ്ധജലത്തിനൊപ്പം മലിന ജലം കയറുന്നതാണ് പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കി ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി വേണം. മിക്ക സ്‌കൂളുകളിലും ശക്തമായ പി.ടി.എകള്‍ ഉണ്ട്. അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ പുനസംഘടിപ്പിക്കുന്നതിനും നടപടി ഉണ്ടാവണം. സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിലും ഇടപെടുന്നതിന് കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കണം. വിദ്യാലയങ്ങല്‍ തുറക്കുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാനുള്ള നടപടിയും ഉണ്ടാവണം. അധ്യയന വര്‍ഷം പകുതി കഴിയുമ്പോഴാണ് മിക്കപ്പോഴും പുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അതിന് മാറ്റം വന്നിട്ടുണ്ട്. ഭൂരിഭാഗം പുസ്തകങ്ങളും അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ലഭിക്കുന്നുണ്ട്. ഇത്തവണയും സ്‌കൂള്‍ തുറക്കുന്ന വേളയില്‍ത്തന്നെ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണം. സ്വകാര്യ വിദ്യാലയങ്ങളില്‍ ചിലവ കുട്ടികളില്‍ നിന്ന് വന്‍ തുക ഫീസായും ഡൊണേഷനായും വാങ്ങിക്കാറുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അതുപോലെത്തന്നെ അംഗീകാരമില്ലാത്ത സ്‌കൂളുകളാണ് മറ്റൊന്ന്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അംഗീകാരമില്ലെന്ന കാര്യം മറച്ചു വെച്ചു കൊണ്ടായിരിക്കും നിയമനം നടത്തുന്നത്. പരീക്ഷയെത്തുമ്പോഴായിരിക്കും കുട്ടികളെ മറ്റേതെങ്കിലും വിദ്യാലയങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് പരീക്ഷയെഴുതിക്കുന്നത്. ഇതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍ കൈയെടുക്കണം.